യുകെ മലയാളികള്‍ക്ക് അഭിമാനമായി ട്രെന്റ് വെയ്ലില്‍ നിന്നൊരു വിജയഗാഥ. മലയാളി വിദ്യാര്‍ത്ഥിനിയായ അന്ന റിച്ചാ ബിജുവാണ് മുഴുവന്‍ മലയാളികളുടേയും അഭിമാനത്തെ വാനോളമുയര്‍ത്തികൊണ്ട് നാഷണല്‍ സയന്‍സ് + എന്‍ജിനിയറിംഗ് മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ശാസ്ത്രത്തെ എന്നും കൗതുകത്തോടെ വീക്ഷിക്കുന്ന അന്ന റിച്ചാ എന്ന പതിനേഴുകാരി സ്റ്റോക്ക് ഓണ്‍ട്രന്റില്‍ താമസിക്കുന്ന മലയാളികളായ ബിജു ജോസഫിന്റേയും ലിജിന്റേയും മകളാണ്. സ്റ്റോക്ക്ഓണ്‍ ട്രന്റ് മലയാളി അസോസിയേഷന് (എസ്.എം.എ) മുന്‍ പ്രസിഡന്റാണ്് ബിജു ജോസഫ്്. ന്യൂ കാസിലിലെ സെന്റ് ജോണ്‍സ് ഫിഷര്‍ കാത്തലിക് കോളജില്‍ എ-ലെവല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് അന്ന. തലച്ചോറിലെ കോശങ്ങളെ കുറിച്ച് നടത്തിയ പഠനമാണ് ദേശീയതലത്തില്‍ നടക്കുന്ന ഫൈനലിലേക്ക് അന്നയ്ക്ക് അവസരം നേടികൊടുത്തത്.
അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മത്സരത്തില്‍ പങ്കെടുക്കാനായി ശ്രമിച്ചതെന്ന് അന്ന പറയുന്നു. മത്സരത്തിലെ അനുഭവങ്ങള്‍ തന്നെപോലൊരു വിദ്യാര്‍ത്ഥിനിയെ സംബന്ധിച്ച് ഏറെ പ്രയോജനപ്രദവും ആവേശകരവും ആയിരുന്നുവെന്ന് അന്ന പറയുന്നു. ഫൈനലിലേക്കുള്ള ഒരുക്കത്തിലാണ് അന്നയിപ്പോള്‍. താന്‍ കണ്ടെത്തിയ പഠനഫലങ്ങള്‍ ഇതുപോലൊരു വലിയ വേദിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതിന്റെ ത്രില്ലിലാണ് അന്ന. കീലേ യൂണിവേഴ്സിറ്റിയിലെ ന്യൂഫീല്‍ഡ് റിസര്‍ച്ച് പ്ലേസ്മെന്റിന്റെ ഭാഗമായിട്ടാണ് അന്ന തന്റെ പഠനം നടത്തിയത്. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു അന്നയുടെ പഠനവും പരിഗണിച്ചത്.
രോഗപ്രതിരോധ ശേഷി നല്കുന്ന ഇമ്മ്യൂണ്‍ സെല്ലുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ സിറം ഫ്രീ കള്‍ച്ചര്‍ എത്രത്തോളം ഗുണകരമാകുമെന്നായിരുന്നു അന്നയുടെ പഠനം. യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫാര്‍മസിയിലെ ഹൈ ടെക് ലാബാണ് അന്ന തന്റെ സാമ്പിളുകള്‍ പരിശോധിക്കാനായി ഉപയോഗിച്ചത്. തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്നത് മൂലമുണ്ടാകുന്ന പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ക്ക് ഈ പഠനഫലം ഏറെ സഹായകരമാകുന്നുണ്ട്.
ഗവേഷണം എന്താണ് എന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് താന്‍ മത്സരത്തിന് ഇറങ്ങിത്തിരിച്ചതെന്ന് അന്ന പറയുന്നു. യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫാര്‍മസിയിലെ ഗവേഷണ ദിനങ്ങള്‍ ഗവേഷണത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചതായും അന്ന വ്യക്തമാക്കുന്നു. മത്സരത്തിലെ വിജയം തന്റെ കരിയര്‍ സങ്കല്‍പ്പങ്ങള്‍ക്കും നിറം ചാര്‍ത്തിയതിന്റെ സന്തോഷത്തിലാണ് അന്ന. ബയോമെഡിക്കല്‍ ഗവേഷണത്തില്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്താനാണ് അന്നയുടെ തീരുമാനം.
പ്രൊജക്ടിനായി പതിനാറ് പേജുള്ള ഒരു റിപ്പോര്‍ട്ടാണ് അന്ന തയ്യാറാക്കിയത്. ‘ഇതൊരു സയന്‍സ് പേപ്പറിന് സമാനമായിരുന്നു. ഇതിനായി ഒരു പോസ്റ്ററും ഞാന്‍ തയ്യാറാക്കിയിരുന്നു. വായനയിലൂടെ വിഷയത്തെകുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷമായിരുന്നു പേപ്പര്‍ അവതരിപ്പിച്ചത്’ – അന്ന പറയുന്നു. അന്നയുടെ പ്രോജക്ടിന് ഗോള്‍ഡ് ക്രസന്റ് അവാര്‍ഡാണ് ലഭിച്ചത്. പ്രാദേശികതലത്തില്‍ ഈ അവാര്‍ഡ് ലഭിച്ചവരാണ് ദേശീയതലത്തില്‍ നടക്കുന്ന ഫൈനലിലേക്ക് മത്സരിക്കുന്നത്.
പ്രൈമറി സ്കൂള്‍ തലം തൊട്ട് ശാസ്ത്രത്തോട് ഏറെ ഇഷ്ടം പുലര്‍ത്തിയിരുന്ന അന്നയുടെ താല്‍പ്പര്യങ്ങള്‍ക്ക് അടിത്തറ ലഭിച്ചത് ഹൈസ്കൂള്‍ ദിവസങ്ങളിലായിരുന്നു. ശാസ്ത്രത്തില്‍ വലിയവലിയ പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ തനിക്ക് ഇവിടെ ലഭിച്ചിരുന്നതായി അന്ന പറയുന്നു. ഓരോ സമയത്തും ശാസ്ത്രത്തിന്റെ വളര്‍ച്ച തന്നെ അത്ഭുതപ്പെടുത്തിയിരുന്നതായും അന്ന വ്യക്തമാക്കി. മൂന്ന് ശാസ്ത്രശാഖകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഭൂമിയിലുള്ള ഏത് കാര്യവും ഈ മൂന്ന് ശാസ്ത്രശാഖകള്‍ക്കുള്ളില്‍ ഉ്ള്‍കൊള്ളിക്കാമെന്നും അന്ന ചൂണ്ടിക്കാട്ടുന്നു.
തന്റെ ഇഷ്ടവിഷയങ്ങള്‍ തന്നെയാണ് എ-ലെവലിലേക്ക് അന്ന തിരഞ്ഞെടുത്തിരിക്കുന്നത്. ബയോളജിയും ഫിസിക്സും കെമസ്ട്രിയും. എ-ലെവലിന് ശേഷം ബയോമെഡിക്കല്‍ സയന്‍സില്‍ ഡിഗ്രി ചെയ്യണമെന്നാണ് അന്നയുടെ ആഗ്രഹം. അതിന് മുന്‍പ് തന്നെ നാഷണല്‍ സയന്‍സ്+ എന്‍ജിനിയറിംഗ് കോമ്പറ്റീഷന്റെ ഗ്രാന്‍ഡ് ഫിനാലെയായ ബിംഗ് ബാംഗ് ഫെയറില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അന്ന. മാര്‍ച്ച് മാസത്തില്‍ ബര്‍മ്മിംഗ്ഹാമിലെ എന്‍ഇസിയിലാണ് ബിംഗ് ബാംഗ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര പരിപരിപാടിയാണ് ബിംഗ് ബാംഗ് ഫെയര്‍.
ഏകദേശം 150 ഓളം യുവ ശാസ്ത്രജ്ഞരാണ് ഫെയറില്‍ പങ്കെടുക്കുക. വിര്‍ച്വല്‍ റിയാലിറ്റി മുതല്‍ കമ്പ്യൂട്ടര്‍ കോഡിംഗ് വരെയുള്ള എന്‍ജിനിയറിംഗ് വിപ്ലവങ്ങളും മറൈന്‍ ബയോളജി മുതല്‍ ബഹിരാകാശം വരെയുള്ള ജീവശാസ്ത്ര മേഖലകളിലും ഈ യുവ ശാസ്ത്രജ്ഞര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. അന്നയുടെ കണ്ടെത്തെലുകള്‍ മികച്ചവയാണെന്നും അന്നയ്ക്ക് ഫൈനലില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നാഷണല്‍ സയന്‍സ് + എന്‍ജിനിയറിംഗ് കോമ്പറ്റീഷന്റെ സംഘാടകനും ബ്രിട്ടീഷ് സയന്‍സ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവും ആയ ഇമ്രാന് ഖാന് പറഞ്ഞു. അന്നയുടെ പേപ്പര്‍ റീജിയണല്‍ തലത്തില്‍ മികച്ച പ്രതികരണമാണ് ഉളവാക്കിയതെന്നും ജഡ്ജസിന് മികച്ച അഭിപ്രായമായിരുന്നു ഇതിനെ കുറിച്ചെന്നും ഇമ്രാന് ചൂണ്ടിക്കാട്ടി. പരിപാടിയില്‍ മുന്‍പ് വിജയികളായിട്ടുള്ളവര്‍ക്ക് ബിബിസിയുടെ ഡ്രാഗണ്‍സ് ഡെന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും സ്പോര്‍ട്സ് ഇംഗ്ലണ്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരവും ലഭിച്ചിരുന്നു.
ശാസ്ത്രത്തെ ഏറെ സ്നേഹിക്കുന്ന അന്നയുടെ വിജയം മലയാളികള്‍ക്ക് എല്ലാം പ്രചോദനവും ഒപ്പം അഭിമാനകരവുമാണ്. ലോകത്തെ തന്നെ പ്രമുഖ ശാസ്ത്രജ്ഞര്‍ അടക്കമുള്ള പ്രഗത്ഭരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ബ്രിട്ടനിലെ യുവ ശാസ്ത്രജ്ഞരെ കണ്ടെത്താനുള്ള ബിംഗ് ബാംഗ് ഫെയറില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന അന്നയ്ക്ക് യുകെ മലയാളികളുടേയും യുക്മയുടേയും എല്ലാ അനുമോദനങ്ങളും ഒപ്പം ആശംസകളും

Leave a Reply