അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ സുരക്ഷാ കവാടത്തിന് സമീപം നാടകീയമായ വെടിവെപ്പ്. സുരക്ഷാ പരിശോധനാ കേന്ദ്രത്തിന് സമീപമെത്തി വെടിയുതിർത്ത ഇരുപത്തിയൊന്നുകാരനായ നാസിർ ബെസ്റ്റ് എന്ന യുവാവിനെ യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. ശനിയാഴ്ച വൈകുന്നേരമുണ്ടായ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് വൈറ്റ് ഹൗസ് സമുച്ചയം കുറച്ചുസമയത്തേക്ക് പൂർണ്ണമായി അടച്ചിട്ടു.
വൈറ്റ് ഹൗസിന് പുറത്തുള്ള 17-ാം സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവ് പെട്ടെന്ന് കൈത്തോക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചതോടെയാണ് പ്രതി കൊല്ലപ്പെട്ടത്. അക്രമിയുടെ വെടിയേറ്റ് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് ശബ്ദം കേട്ടതോടെ വൈറ്റ് ഹൗസ് പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരും ജീവനക്കാരും പ്രസ് ബ്രീഫിങ് റൂമിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.
കൊല്ലപ്പെട്ട നാസിർ ബെസ്റ്റിന് കടുത്ത മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായും മുൻപും വൈറ്റ് ഹൗസ് പരിസരത്ത് അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസുകളുണ്ടായിരുന്നതായും പോലീസ് രേഖകൾ വ്യക്തമാക്കുന്നു. താൻ യേശുക്രിസ്തുവാണെന്നും അറസ്റ്റ് വരിക്കാനാണ് എത്തിയതെന്നും മുൻപ് പിടിയിലായപ്പോൾ ഇയാൾ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന കാര്യം സീക്രട്ട് സർവീസും എഫ്ബിഐയും സംയുക്തമായി അന്വേഷിച്ചുവരികയാണ്.





