മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യിൽ ഭാരവാഹിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നീന കുറുപ്പ് രംഗത്ത്. സംഘടനയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ നടൻ ടിനി ടോം തനിക്കെതിരെ പരസ്യമായി അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞുവെന്നുമാണ് നീന കുറുപ്പ് ഔദ്യോഗികമായി പരാതിപ്പെട്ടിരിക്കുന്നത്. സംഘടനയുടെ ജനറൽ സെക്രട്ടറിക്കും പ്രസിഡന്റിനും നൽകിയ പരാതിയിൽ, ടിനി ടോം തന്നെ ശാരീരികമായി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നും നടി വ്യക്തമാക്കുന്നു.
സംഘടനയുടെ കുടുംബസംഗമത്തിനിടെയാണ് വിവാദത്തിനാസ്പദമായ സംഭവം ഉണ്ടായത്. ടിനി ടോം തന്നെ മർദിക്കാൻ തുടങ്ങിയപ്പോൾ മറ്റ് അംഗങ്ങൾ ഇടപെട്ട് പിടിച്ചുമാറ്റിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും നീന കുറുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഭയം കാരണം പല വനിതാ അംഗങ്ങളും ഇത്തരം ക്രൂരതകൾ തുറന്നുപറയാൻ മടിക്കുകയാണെന്നും, എക്സിക്യൂട്ടീവ് അംഗത്തെ മതം പറഞ്ഞ് അധിക്ഷേപിക്കുന്നതിനും താൻ സാക്ഷിയാണെന്നും പരാതിയിലുണ്ട്. ടിനി ടോമിനെതിരെ സംഘടന കർശനമായ നടപടി സ്വീകരിക്കണമെന്നാണ് നടിയുടെ ആവശ്യം.
നടി അൻസിബ ഹസ്സൻ ഉന്നയിച്ച മാനസിക പീഡന ആരോപണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് നീന കുറുപ്പും രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ തനിക്കെതിരെ ഉയർന്നിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും ഇവ തികച്ചും അടിസ്ഥാനരഹിതമാണെന്നുമാണ് ടിനി ടോമിന്റെ പ്രതികരണം. പരാതികളെ തുടർന്ന് സംഘടനയ്ക്കുള്ളിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ അൻസിബയെ നേരിട്ട് കേൾക്കാൻ അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്.
