യുഎഇയിലെ റാസൽഖൈമയിൽ നാല് പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്ത് സജീവമായിരുന്ന പ്രവാസി മലയാളി വ്യവസായിയെയും ഭാര്യയെയും നാട്ടിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ കാരറകുന്ന് സ്വദേശികളായ എസ്. സുഗതൻ (67), ഭാര്യ ലത (55) എന്നിവരാണ് മരണപ്പെട്ടത്. മൂന്ന് ദിവസം മുൻപ് മാത്രം നാട്ടിലെത്തിയ ഇവർ വീണ്ടും യുഎഇയിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.
ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സുഗതനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ ലതയെ കട്ടിലിൽ കിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. ലത ശ്വാസംമുട്ടിയാണ് മരിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ എന്ന് കടയ്ക്കൽ പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ വി. ആർ. ശിവകുമാറിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
റാസൽഖൈമയിൽ സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനിയും റസ്റ്ററൻ്റും നടത്തിവരികയായിരുന്ന സുഗതൻ അവിടുത്തെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. മികച്ച നിലയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോയിരുന്ന ഇവർക്ക് റാസൽഖൈമയിലും നാട്ടിലും വലിയ തോതിൽ സ്വത്തുക്കളുള്ളതിനാൽ മരണത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധികളല്ലെന്നാണ് സുഹൃത്തുക്കളും പ്രവാസി കൂട്ടായ്മകളും വ്യക്തമാക്കുന്നത്. മരണത്തിന് തൊട്ടുമുൻപ് ‘പണം സമാധാനം നൽകില്ല’ എന്ന സന്ദേശം ഇവർ പങ്കുവെച്ചിരുന്നതായും സൂചനയുണ്ട്.



Leave a Comment