മസ്‌കത്ത്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധ (Bundibugyo strain) വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്കും യാത്രക്കാർക്കുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) കർശന യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ലോകാരോഗ്യ സംഘടനയുടെ (WHO) മുന്നറിയിപ്പുകളെയും ആഗോള ആരോഗ്യ അപ്ഡേറ്റുകളെയും അടിസ്ഥാനമാക്കി, മെഡിക്കൽ റെസ്‌പോൺസ് സെക്ടറുമായി ഏകോപിപ്പിച്ചാണ് അതോറിറ്റി ഈ പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്. സുഡാൻ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ ബാധിത പ്രദേശങ്ങളിലേക്ക് നിലവിൽ ആവശ്യമില്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും രാജ്യത്ത് എത്തിയാൽ 21 ദിവസത്തേക്ക് തങ്ങളുടെ ആരോഗ്യസ്ഥിതി സ്വയം നിരീക്ഷിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഈ കാലയളവിൽ പനി, കടുത്ത തലവേദന, പേശിവേദന, വയറിളക്കം, ഛർദ്ദി, അല്ലെങ്കിൽ അകാരണമായ രക്തസ്രാവം തുടങ്ങിയ എബോള ലക്ഷണങ്ങൾ പ്രകടമായാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കുകയും തങ്ങളുടെ യാത്രാചരിത്രം പൂർണ്ണമായി വെളിപ്പെടുത്തുകയും വേണം.
ബാധിത രാജ്യങ്ങളിൽ കഴിയുന്നവർ രോഗബാധിതരുമായോ വന്യമൃഗങ്ങളുമായോ സമ്പർക്കം പുലർത്തരുത്. അതോടൊപ്പം വ്യക്തിശുചിത്വം പാലിക്കാനും, കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാനും അൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെടുന്നു. ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.
ഒമാനിൽ സർവീസ് നടത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനക്കമ്പനികളും യാത്രക്കാരിൽ ഈ സുരക്ഷാ മുൻകരുതലുകൾ കൃത്യമായി ഉറപ്പുവരുത്തണമെന്ന് അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ഇതിനോടകം തന്നെ എബോള മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.



Leave a Comment