ദുബായ്: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് 90 ശതമാനം വരെ വൻ വിലക്കിഴിവുമായി ദുബായിൽ മെഗാ ഷോപ്പിങ് മേള ആരംഭിക്കുന്നു. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (DFRE) സംഘടിപ്പിക്കുന്ന പ്രശസ്തമായ ‘3 ഡേ സൂപ്പർ സെയിൽ’ (3DSS) ഇത്തവണ പെരുന്നാൾ പ്രമാണിച്ച് അഞ്ച് ദിവസങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്. മെയ് 27 ബുധനാഴ്ച മുതൽ മെയ് 31 ഞായറാഴ്ച വരെ ദുബായിലെ പ്രമുഖ മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഈ ആനുകൂല്യം ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടെ അഞ്ഞൂറിലധികം പ്രമുഖ ബ്രാൻഡുകളുടെ ആയിരക്കണക്കിന് ഔട്ട്‌ലെറ്റുകളാണ് ഈ മഹാമേളയിൽ പങ്കാളികളാകുന്നത്. ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സ്വർണം, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ തുടങ്ങിയ പ്രധാന ഷോപ്പിങ് ഡെസ്റ്റിനേഷനുകളിലെല്ലാം വലിയ തിരക്കാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.
വിലക്കിഴിവുകൾക്ക് പുറമെ ഉപഭോക്താക്കൾക്കായി വൻ സമ്മാനങ്ങളും ക്യാഷ്ബാക്ക് ഓഫറുകളും റീറ്റെയ്‌ലർമാർ ഒരുക്കിയിട്ടുണ്ട്. ഈ പ്രമോഷൻ കാലയളവിൽ നിശ്ചിത തുകയ്ക്ക് ഷോപ്പിങ് നടത്തുന്ന ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് പ്രമുഖ ഡെവലപ്പർമാരായ ബിൻഘാട്ടി (Binghatti Developers) നൽകുന്ന ആഡംബര അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരവും ‘വിൻ യുവർ ഹോം ഇൻ ദുബായ്’ (Win Your Home in Dubai) പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കും ദുബായിലേക്ക് എത്തുന്ന സഞ്ചാരികൾക്കും കുറഞ്ഞ ചിലവിൽ പെരുന്നാൾ സമ്മാനങ്ങളും മറ്റും വാങ്ങാനുള്ള മികച്ച അവസരമാണിത്.



Leave a Comment