കുവൈറ്റിലേക്ക് തൊഴിൽ വിസയിൽ എത്തുന്ന വിദേശികൾക്കായുള്ള പ്രീ-അറൈവൽ, പോസ്റ്റ്-അറൈവൽ ആരോഗ്യ പരിശോധനാ ചട്ടങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയം (MOH) പരിഷ്കരിച്ചു. ജിസിസി ഹെൽത്ത് മിനിസ്റ്റേഴ്സ് കൗൺസിൽ നിർദ്ദേശിച്ച ‘വാഫിദ്’ (Wafid) പ്രോഗ്രാമിന്റെ പുതിയ എക്സിക്യൂട്ടീവ് ബൈലാ പ്രകാരമാണ് മാറ്റങ്ങൾ. കള്ളത്തരങ്ങളും കൃത്രിമത്വങ്ങളും തടഞ്ഞ്, കൂടുതൽ സുതാര്യത ഉറപ്പാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി 54 ആർട്ടിക്കിളുകൾ ഉൾപ്പെടുത്തിയാണ് പുതിയ മെഡിക്കൽ സ്ക്രീനിംഗ് നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത് എന്ന് പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ കെപിഎംജി (KPMG) തങ്ങളുടെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പുതിയ പരിഷ്കാരം അനുസരിച്ച് കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുൻപ് സ്വന്തം നാട്ടിലെ അംഗീകൃത മെഡിക്കൽ സെന്ററുകളിൽ നിന്നുള്ള കടുത്ത ആരോഗ്യ പരിശോധനയ്ക്ക് പുറമെ, കുവൈറ്റിൽ എത്തിയ ശേഷവും വിദേശികൾ വീണ്ടും വിപുലമായ പുനഃപരിശോധനയ്ക്ക് (Dual Screening) വിധേയരാകണം. ലബോറട്ടറി പരിശോധനകൾ, എക്സ്-റേ, വാക്സിനേഷനുകൾ എന്നിവയിലെല്ലാം പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിനായി വിദേശങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾക്ക് കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും വിവിധ സർക്കാർ വകുപ്പുകളെ ഇലക്ട്രോണിക് സംവിധാനം വഴി പരസ്പരം ബന്ധിപ്പിക്കുകയും (E-Linkage) ചെയ്തിട്ടുണ്ട്. ഇത് പരിശോധനാ ഫലങ്ങൾ വേഗത്തിലാക്കാനും സുരക്ഷിതമാക്കാനും സഹായിക്കും.
പുതിയ വിസയിൽ കുവൈറ്റിലേക്ക് വരാനിരിക്കുന്ന പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികളെയും വിദേശ ജീവനക്കാരെ കൊണ്ടുവരുന്ന കമ്പനികളെയും ഈ നിയമം നേരിട്ട് ബാധിക്കും. മെഡിക്കൽ പരിശോധനകൾ കൂടുതൽ കർശനമാകുന്നതോടെ വിസ പ്രൊസീജറുകളുടെ സമയപരിധിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. അതിനാൽ കുവൈറ്റിലേക്ക് യാത്ര തിരിക്കുന്നവരും കമ്പനികളുടെ എച്ച്ആർ വിഭാഗവും പുതിയ ഹെൽത്ത് സ്ക്രീനിംഗ് ചട്ടങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം ഡോക്യുമെന്റേഷൻ നടപടികളുമായി മുന്നോട്ട് പോകാനെന്ന് കെപിഎംജി മുന്നറിയിപ്പ് നൽകുന്നു.



Leave a Comment