আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

കുവൈറ്റ് സിറ്റി: രാജ്യത്ത് റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമലംഘനങ്ങൾക്കെതിരെ ‘സീറോ ടോളറൻസ്’ (വിട്ടുവീഴ്ചയില്ല) നയവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിശ്ചിത വേഗപരിധി ലംഘിച്ച് അമിതവേഗതയിൽ വാഹനമോടിക്കുന്ന പ്രവാസികൾക്ക് രാജ്യം വിടേണ്ടി വരുമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ്. ഗുരുതരമായ വേഗതാ ലംഘനങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ പിഴ ഈടാക്കുന്നതിനും വാഹനം കസ്റ്റഡിയിലെടുക്കുന്നതിനും പുറമെ കുവൈറ്റിൽ നിന്ന് നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

വേഗപരിധി മണിക്കൂറിൽ 150 കി.മീ, 170 കി.മീ, 200 കി.മീ എന്നിങ്ങനെ ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. കുവൈറ്റ് പൗരന്മാർക്ക് ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ, വാഹനം കണ്ടുകെട്ടൽ, നിയമപരമായ നടപടികൾ പൂർത്തിയാകുന്നതുവരെ തടങ്കലിൽ വെയ്ക്കൽ, ജയിൽ ശിക്ഷ എന്നിവയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ, പ്രവാസികൾ ഈ പരിധി ലംഘിച്ചാൽ ട്രാഫിക് പിഴയ്ക്കും വാഹനം കണ്ടുകെട്ടുന്നതിനും പുറമെ നേരിട്ട് നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരും.

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഡ്രൈവർമാരിൽ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി “റോഡുകളിലെ നിശ്ചിത വേഗപരിധി ലംഘിക്കുന്നതിനോട് ഒട്ടും വിട്ടുവീഴ്ചയില്ല” എന്ന മുദ്രാവാക്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും മുൻനിർത്തി മുഴുവൻ വാഹനമോടിക്കുന്നവരും വേഗപരിധി കർശനമായി പാലിക്കണമെന്ന് അധികൃതർ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

Leave a Comment