ദോഹ: ഖത്തറിൽ വേനൽക്കാല താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ, വാഹനങ്ങളിൽ തീപിടിത്തമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ ഡ്രൈവർമാർ കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. മൊബൈൽ ഫോണുകൾ, പോർട്ടബിൾ ചാർജറുകൾ, പവർബാങ്കുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കടുത്ത ചൂടിൽ അടച്ചിട്ട വാഹനങ്ങൾക്കുള്ളിൽ ഉപേക്ഷിക്കരുതെന്ന് മന്ത്രാലയം ഔദ്യോഗിക മുന്നറിയിപ്പിൽ വ്യക്തമാക്കി.
സിഗരറ്റ് ലൈറ്ററുകൾ, പെർഫ്യൂം കുപ്പികൾ, ബോഡി സ്പ്രേകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവയും മറ്റ് എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ളതുമായ വസ്തുക്കളും കാറുകൾക്കുള്ളിൽ സൂക്ഷിക്കരുത്. കൂടാതെ, വാഹനങ്ങളുടെ ഇലക്ട്രിക്കൽ സിസ്റ്റത്തിൽ അംഗീകൃതമല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ മാറ്റങ്ങൾ വരുത്തുന്നത് പൂർണ്ണമായും ഒഴിവാക്കണം. ഖത്തറിലെ ശക്തമായ വേനൽച്ചൂടിൽ നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കുള്ളിലെ താപനില മിനിറ്റുകൾക്കകം അപകടകരമായ നിലയിലേക്ക് ഉയരുമെന്നതിനാലാണ് ഈ നിർദ്ദേശം.
ദിവസേന വാഹനങ്ങൾ ഉപയോഗിക്കുന്ന പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർ ഈ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ജോലിസ്ഥലങ്ങളിലോ താമസസ്ഥലത്തോ കാറുകൾ പാർക്ക് ചെയ്യുമ്പോൾ പവർബാങ്കുകളോ ബാറ്ററികളോ ഉള്ളിൽ ഇരിപ്പില്ലെന്ന് ഉറപ്പുവരുത്തണം. പ്രത്യേകിച്ച് ടാക്സി, ലിമോസിൻ, ഡെലിവറി, സെയിൽസ് മേഖലകളിൽ തുടർച്ചയായി വാഹനങ്ങൾ ഓടിക്കുന്നവർ ഈ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം.
കമ്പനി വാഹനങ്ങളുടെ ഫയർ എക്സ്റ്റിംഗുഷറുകളുടെ കാലാവധിയും പ്രവർത്തനക്ഷമതയും തൊഴിലുടമകളും ഡ്രൈവർമാരും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കണം. വേനൽക്കാലത്ത് വാഹനം സ്റ്റാർട്ട് ചെയ്തു നിർത്തി എയർകണ്ടീഷണർ ഓണാക്കിയിട്ടാണെങ്കിൽ പോലും കുട്ടികളെയും മുതിർന്നവരെയും കാറുകൾക്കുള്ളിൽ ഒറ്റയ്ക്കിരുത്തി പുറത്തുപോകരുതെന്ന അടിസ്ഥാന സുരക്ഷാ നിയമവും എല്ലാവരും കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.



Leave a Comment