ദോഹ: ഇൻ്റർനാഷണൽ കോച്ചിംഗ് ഫെഡറേഷനുമായി (ICF) സഹകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അന്താരാഷ്ട്ര കോച്ചിംഗ് വീക്ക് ആചരിച്ചു. മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രൊഫഷണൽ, ലീഡർഷിപ്പ് കോച്ചിംഗ് രംഗത്തെ ആധുനിക രീതികളെക്കുറിച്ചും സ്ഥാപനങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൽ ഇവയുടെ പങ്കിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. ഖത്തർ നാഷണൽ വിഷൻ 2030ൻ്റെ ഭാഗമായി മനുഷ്യവിഭവശേഷി വികസനത്തിന് രാജ്യം നൽകുന്ന പ്രാധാന്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളിൽ മികച്ച നേതൃപാടവമുള്ളവരെയും വെല്ലുവിളികളെ അതിജീവിക്കാൻ ശേഷിയുള്ള സ്ഥാപനങ്ങളെയും വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് പൊതുജനാരോഗ്യ മന്ത്രാലയ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഘാനിം ഇബ്രാഹിം അൽ മുഹന്നദി പറഞ്ഞു. പോസിറ്റീവായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാനും ജീവനക്കാരുടെ മാനസികവും തൊഴിൽപരവുമായ ക്ഷേമം ഉറപ്പാക്കാനും മന്ത്രാലയം നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2018-19 കാലയളവിലാണ് മന്ത്രാലയം ഇൻസ്റ്റിറ്റ്യൂഷണൽ കോച്ചിംഗ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്. നിലവിൽ പൊതുജനാരോഗ്യം, ഹ്യൂമൻ റിസോഴ്‌സ്, മെൻ്റൽ ഹെൽത്ത് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 28 ആഭ്യന്തര കോച്ചിംഗ് വിദഗ്ധർ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രോഗ്രാം ലീഡ് മയ് അബുസെനാഹ് അറിയിച്ചു. കോച്ചിംഗ് വീക്കിൻ്റെ ഭാഗമായി ജീവനക്കാർക്കായി വ്യക്തിഗത, ഗ്രൂപ്പ് സെഷനുകളും സൗജന്യ കൗൺസിലിംഗുകളും സംഘടിപ്പിച്ചു. മനുഷ്യരിൽ നിക്ഷേപം നടത്തേണ്ടതിൻ്റെയും അവരുടെ കഴിവുകൾ പ്രൊഫഷണൽ-വ്യക്തിഗത തലങ്ങളിൽ വികസിപ്പിക്കേണ്ടതിൻ്റെയും പ്രാധാന്യമാണ് ഇത്തരം ആഗോള കൂട്ടായ്മകൾ ഓർമ്മിപ്പിക്കുന്നതെന്ന് ഐസിഎഫ് ദോഹ ചാപ്റ്റർ പ്രസിഡന്റ് ഡോ. മറിയം മുഹമ്മദ് അൽ ഇമാദി വ്യക്തമാക്കി.



Leave a Comment