രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ വ്യക്തിവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഡാറ്റാ ക്ലാസിഫിക്കേഷൻ ഫ്രെയിംവർക്കുമായി ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA). വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി പൊതുവിവരങ്ങൾ മുതൽ അതീവ രഹസ്യ വിവരങ്ങൾ വരെ C0, C1, C2, C3, C4 എന്നിങ്ങനെ അഞ്ച് തലങ്ങളായി തരംതിരിച്ച് കൈകാര്യം ചെയ്യണമെന്നാണ് പുതിയ നിർദേശം. ഖത്തറിലെ വിവിധ സ്ഥാപനങ്ങൾക്കും എച്ച്ആർ, ഐടി, ഫിനാൻസ്, ഹെൽത്ത് കെയർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി പ്രൊഫഷണലുകൾക്കും ഈ ഡാറ്റാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഇനി നിർണായകമാകും.
പുതിയ ഫ്രെയിംവർക്ക് പ്രകാരം C0 എന്നത് പൊതുവിവരങ്ങളെയാണ് (Public Data) സൂചിപ്പിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള വിവരങ്ങൾ C1 വിഭാഗത്തിലും, കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന നിയന്ത്രിത വിവരങ്ങൾ (Restricted Data) C2 വിഭാഗത്തിലും ഉൾപ്പെടും. ഉപഭോക്താക്കളുടെയും കോർപ്പറേറ്റുകളുടെയും ഉടമസ്ഥതയിലുള്ള രഹസ്യവിവരങ്ങൾ C3 (Confidential Data) വിഭാഗത്തിലാണ് വരുന്നത്. ബന്ധപ്പെട്ട വ്യക്തിക്ക് മാത്രം കൈമാറേണ്ട അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങളാണ് C4 (Top-Secret Data) എന്ന ഉയർന്ന സുരക്ഷാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാറ്റാ ചോർച്ച, അശ്രദ്ധ മൂലമുള്ള വിവരക്കൈമാറ്റം, സൈബർ ആക്രമണങ്ങൾ എന്നിവ തടയാൻ ഈ തരംതിരിവ് സഹായിക്കും.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളിൽ വലിയൊരു പങ്ക് ആളുകൾ അക്കൗണ്ട്സ്, എച്ച്ആർ, സ്കൂളുകൾ, ആശുപത്രികൾ, റീട്ടെയിൽ, ബാങ്കിങ്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. അതിനാൽ ഔദ്യോഗിക വിവരങ്ങൾ വാട്സാപ്പ് വഴി ഫോർവേഡ് ചെയ്യുക, സുരക്ഷിതമല്ലാത്ത വ്യക്തിഗത ഇമെയിലുകൾ ഉപയോഗിക്കുക, ക്ലൗഡ് ഡ്രൈവുകൾ അശ്രദ്ധമായി ഷെയർ ചെയ്യുക എന്നിവയിലൂടെ ഡാറ്റാ ചോർച്ച ഉണ്ടാകാതിരിക്കാൻ സ്ഥാപനങ്ങൾ ആഭ്യന്തര സുരക്ഷാ നയങ്ങൾ കർശനമാക്കേണ്ടതുണ്ട്. നിയമപരമായ നടപടികളും കമ്പനിയുടെ വിശ്വാസ്യത തകരുന്നതും ഒഴിവാക്കാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകേണ്ട സമയമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



Leave a Comment