ദോഹ: ഖത്തറിലെ ടയർ വിപണിയിൽ സുരക്ഷയും ഉപഭോക്തൃ സംരക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക സാങ്കേതിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (QGOSM). പാസഞ്ചർ കാറുകൾ, ബസുകൾ, ലൈറ്റ് ട്രക്കുകൾ എന്നിവയുടെ ടയറുകൾ വിൽക്കാനുള്ള അനുവദനീയ കാലാവധി നീട്ടി നൽകുന്നതിനാണ് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ 2026-ലെ 35-ാം നമ്പർ തീരുമാനപ്രകാരമാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.
പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച് ടയറുകളുടെ വിൽപന കാലാവധി നീട്ടുന്നത് ഇനി മുതൽ ഓട്ടോമാറ്റിക് ആയിരിക്കില്ല. സർക്കാർ നിഷ്കർഷിക്കുന്ന സാങ്കേതിക ആവശ്യകതകൾ പൂർണ്ണമായി പാലിക്കുന്ന ഏജൻ്റുമാർക്കും വിൽപന കേന്ദ്രങ്ങൾക്കും മാത്രമേ പരമാവധി ആറ് മാസം വരെ അധിക വിൽപന കാലാവധി അനുവദിക്കുകയുള്ളൂ. ഇത്തരത്തിൽ കാലാവധി നീട്ടി നൽകുന്ന ടയറുകൾക്ക് ഉപഭോക്താക്കൾക്ക് മൂന്ന് മാസം അധിക വാറൻ്റി കൂടി നൽകണമെന്ന് പുതിയ നിയമം നിർബന്ധമാക്കുന്നു. ഇതോടെ ഇത്തരം ടയറുകളുടെ ആകെ വാറൻ്റി കാലാവധി ഒരു വർഷവും മൂന്ന് മാസവുമായി വർദ്ധിക്കും.
ഖത്തറിൽ ജോലി, ബിസിനസ്, ഡെലിവറി, ടാക്സി ആവശ്യങ്ങൾക്കായി സ്വന്തം വാഹനങ്ങളെയോ വാടക വാഹനങ്ങളെയോ ആശ്രയിക്കുന്ന വലിയൊരു വിഭാഗം പ്രവാസി മലയാളികൾക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാണ്. ശാസ്ത്രീയമല്ലാത്ത സംഭരണം, പഴയ സ്റ്റോക്കുകളുടെ വിൽപന എന്നിവ കാരണം ചൂടുകൂടിയ വേനൽക്കാലത്ത് ടയറുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഖത്തറിൽ പതിവാണ്. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ വിപണിയിലെത്തുന്ന ടയറുകളുടെ ഗുണനിലവാരവും സുരക്ഷയും പൂർണ്ണമായി ഉറപ്പാക്കാൻ സാധിക്കും.
ടയർ വിതരണക്കാരുടെ അപേക്ഷകൾ കൃത്യമായി പരിശോധിച്ച് സാങ്കേതിക യോഗ്യത ഉറപ്പാക്കിയ ശേഷം മാത്രമേ അധികൃതർ വിൽപന നീട്ടാനുള്ള അനുമതി നൽകുകയുള്ളൂ. നിയമം ലംഘിക്കുന്നത് തടയാൻ വെയർഹൗസുകൾ, ഷോറൂമുകൾ, വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. പ്രവാസികൾ പുതിയ ടയറുകൾ വാങ്ങുമ്പോൾ നിർമ്മാണ തീയതി (Manufacturing Date), വാറൻ്റി വിവരങ്ങൾ, കൃത്യമായ സ്റ്റോറേജ് സൗകര്യം എന്നിവ ചോദിച്ച് മനസ്സിലാക്കുന്നത് കൂടുതൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സഹായിക്കും.



Leave a Comment