ദുബായ്: എബോള വൈറസ് വ്യാപന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പുതിയ യുഎഇ വിസ (UAE Visa) അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പുതിയ വിസ വിലക്ക് ബാധകമാകുക. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെൻ്റ് അതോറിറ്റിയും (NCEMA) ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ICP) ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
പുതിയ നിയന്ത്രണങ്ങൾ ജൂൺ 6 മുതൽ പ്രാബല്യത്തിൽ
എബോള വ്യാപനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ അടിയന്തര നടപടി. ഇതനുസരിച്ച് ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ പുതിയ വിസ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ വിസ വിലക്ക് നീട്ടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മറ്റ് രാജ്യങ്ങൾ വഴി ട്രാൻസിറ്റ് ആയി യുഎഇയിൽ എത്തുന്നതിനും നിയന്ത്രണമുണ്ടാകും. എന്നാൽ, ഈ പട്ടികയിലുള്ള രാജ്യങ്ങൾക്ക് പുറത്ത് കുറഞ്ഞത് 21 ദിവസമെങ്കിലും താമസിച്ച ശേഷം യുഎഇയിലേക്ക് എത്തുന്ന യാത്രക്കാർക്ക് പ്രവേശനം അനുവദിക്കും. അതേസമയം യുഎഇയും ഈ രാജ്യങ്ങളും തമ്മിലുള്ള കാർഗോ (ചരക്ക്) വിമാന സർവീസുകളും ട്രാൻസിറ്റ് വിമാന സർവീസുകളും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല
നിലവിൽ യുഎഇയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം (MoHAP) വ്യക്തമാക്കി. അടുത്തിടെ യുഎഇ സന്ദർശിച്ച ഒരു യാത്രക്കാരന് ഉഗാണ്ടയിൽ എത്തിയ ശേഷം എബോള സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്ത് ആരോഗ്യ നിരീക്ഷണവും മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ട്.
യുഎഇയിൽ താമസിച്ചിരുന്ന കാലയളവിൽ ഈ വ്യക്തി രാജ്യത്തെ ഒരു ആരോഗ്യ കേന്ദ്രവും സന്ദർശിച്ചിരുന്നില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായി സഹകരിച്ച് കർശനമായ നിരീക്ഷണ സംവിധാനങ്ങളാണ് യുഎഇ ആരോഗ്യ മന്ത്രാലയം നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കർശന മുൻകരുതലുകളുമായി ആരോഗ്യ മന്ത്രാലയം
പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി രോഗസാധ്യത വിലയിരുത്തൽ, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ (Contact tracing) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രതിരോധ നടപടികൾ യുഎഇ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എബോള കേസുകൾ നിലവിലില്ലെന്നും വ്യക്തമാക്കിയ ആരോഗ്യ മന്ത്രാലയം, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



Leave a Comment