ഖത്തറിലെ സ്വകാര്യ സ്കൂൾ ഫീസ് വർധന: 18 മാസം മുൻപ് അറിയിപ്പ് നൽകണം

Pravasy Today Editorial Team

ജൂൺ 12, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
Qatar Ministry of Education School Fees Policy 2026 launch press conference

ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കുമായി പുതിയ ഫീസ് നയം.സ്കൂളുകൾ ഫീസ് വർദ്ധിപ്പിക്കുന്നതിന് 18 മാസം മുൻപ് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകണം. ഖത്തർ പൊതുവിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം (MOEHE) പുറത്തിറക്കിയ ‘സ്കൂൾ ഫീസ് പോളിസി 2026’ ലാണ് ഈ നിർണ്ണായക പ്രഖ്യാപനമുള്ളത്. 2027-2028 അധ്യയന വർഷം മുതൽ ഈ പുതിയ നയം രാജ്യത്ത് പൂർണ്ണമായി പ്രാബല്യത്തിൽ വരും. കുട്ടികളെ പ്രൈവറ്റ്, ഇന്ത്യൻ കരിക്കുലം സ്കൂളുകളിൽ പഠിപ്പിക്കുന്ന പ്രവാസി മലയാളി കുടുംബങ്ങൾക്ക് ഈ തീരുമാനം വലിയ രീതിയിൽ സഹായകരമാകും.

അവസാന നിമിഷത്തെ ഫീസ് വർധനയ്ക്ക് തടയിടും

മുൻകാലങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് തൊട്ടു മുൻപാണ് പല സ്വകാര്യ സ്കൂളുകളും ഫീസ് വർധന പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ നിയമം വരുന്നതോടെ ഫീസ് വർധനവ് നടപ്പാക്കുന്നതിന് ഒന്നര വർഷം മുൻപ് രക്ഷിതാക്കളെ അറിയിച്ചിരിക്കണം. ഫീസ് ഘടനയിലെ മാറ്റങ്ങളോട് സാമ്പത്തികമായി പൊരുത്തപ്പെടാനും ആവശ്യമെങ്കിൽ കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാനും രക്ഷിതാക്കൾക്ക് ഇതിലൂടെ മതിയായ സമയം ലഭിക്കുമെന്ന് പ്രൈവറ്റ് സ്കൂൾസ് ആൻഡ് കിൻ്റർഗാർട്ടൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഡോ. റാനിയ മുഹമ്മദ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൂടാതെ സ്വകാര്യ സ്കൂളുകളുടെ ട്യൂഷൻ ഫീസിന് പുറമെ ഓപ്പറേറ്റിംഗ് ഫീ, സർവീസ് ഫീ, ഓപ്ഷണൽ ഫീ എന്നിവയ്ക്കെല്ലാം മന്ത്രാലയം ഏകീകൃത നിയന്ത്രണവും ഫീസ് ക്യാപ്പും കൊണ്ടുവന്നിട്ടുണ്ട്. ഇനി മുതൽ സ്കൂളുകൾക്ക് തോന്നിയ പടി ഫീസ് വർദ്ധിപ്പിക്കാനാകില്ല. പുതിയ പോളിസി അനുസരിച്ച് സ്കൂളുകളുടെ അക്കാദമിക് മികവ്, സാമ്പത്തിക പ്രകടനം, രാജ്യത്തെ പണപ്പെരുപ്പ നിരക്ക് (Inflation), പ്രവർത്തന ചെലവുകൾ എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷമേ മന്ത്രാലയം അനുമതി നൽകുകയുള്ളൂ.

പുതിയ നയത്തിലെ പ്രധാന നിബന്ധനകൾ:

  • ഫീസ് നിയന്ത്രണം: 5 ശതമാനത്തിൽ കൂടുതൽ അനുവദിക്കുന്ന ഫീസ് വർധനവുകൾ ഒന്നിച്ച് ഈടാക്കാൻ പാടില്ല. ഇത് തുടർച്ചയായ രണ്ട് അധ്യയന വർഷങ്ങളിലായി ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാവൂ.
  • കാലയളവ്: ഒരു സ്വകാര്യ സ്കൂളിന് പുതിയ ഫീസ് വർധനവിന് അപേക്ഷിക്കണമെങ്കിൽ കുറഞ്ഞത് 3 വർഷമെങ്കിലും ലൈസൻസ് ഉള്ളതായിരിക്കണം. കൂടാതെ ഒരിക്കൽ ഫീസ് വർദ്ധിപ്പിച്ചാൽ അടുത്ത 3 വർഷത്തേക്ക് പുതിയ അപേക്ഷ സമർപ്പിക്കാൻ പാടില്ല.
  • കർശന നടപടി: ഫീസ് വർധനയ്ക്കായി മന്ത്രാലയത്തിന് മുൻപിൽ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമർപ്പിക്കുന്ന സ്കൂളുകൾക്ക് രണ്ട് വർഷത്തേക്ക് ഫീസ് വർധന അപേക്ഷ നൽകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തും.

പുതിയ പോളിസിയുടെ പൈലറ്റ് ഘട്ടത്തിൽ ഖത്തറിലെ 99 സ്വകാര്യ സ്കൂളുകൾ ഫീസ് മാറ്റത്തിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ കർശനമായ മാനദണ്ഡങ്ങൾ പാലിച്ച 54 സ്ഥാപനങ്ങൾക്ക് മാത്രമാണ് മന്ത്രാലയം അനുമതി നൽകിയത്. നിലവിൽ രാജ്യത്ത് സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന 355 സ്കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കുമായി മന്ത്രാലയം സ്റ്റാൻഡേർഡൈസ്ഡ് ഫീസ് ഷെഡ്യൂൾ പുറത്തിറക്കും.

പ്രവാസി കുടുംബങ്ങൾക്ക് തങ്ങളുടെ കുട്ടികളുടെ സ്കൂൾ മാറ്റം, സ്കൂൾ ട്രാൻസ്ഫർ പ്ലാനിംഗ് എന്നിവ കൂടുതൽ സമ്മർദ്ദമില്ലാതെ കൈകാര്യം ചെയ്യാൻ പുതിയ നയം വഴി സാധിക്കും. കൂടാതെ സ്കൂളുകൾ തമ്മിൽ മികച്ച അക്കാദമിക് നിലവാരം പുലർത്താനുള്ള മത്സരബുദ്ധി വളർത്താനും പുതിയ മാറ്റം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Comment