ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഒരേസമയം രണ്ട് വൻ കുതിപ്പുകൾക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യ. ഇന്ത്യയുടെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ‘അഗ്നി 6’ പരീക്ഷണത്തിനൊരുങ്ങുന്നതായി സൂചനകൾ പുറത്തുവന്നതിന് പിന്നാലെ ശത്രു മിസൈലുകളെ ആകാശത്തുവെച്ച് തകർക്കാനുള്ള ‘ബാലിസ്റ്റിക് മിസൈൽ ഡിഫൻസ്’ (BMD Phase II) പരീക്ഷണവും ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി.
ഒഡീഷ തീരത്തെ പ്രതിരോധ കേന്ദ്രത്തിൽ വെച്ചാണ് തുടർച്ചയായ മൂന്ന് ഫ്ലൈറ്റ് ടെസ്റ്റുകൾ രാജ്യം നടത്തിയത്. ഇതോടെ ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ അത്യാധുനിക സാങ്കേതികവിദ്യ കൈവരിച്ച വൻശക്തി രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിച്ചേർന്നു.
ചാന്ദിപൂരിലെ സുരക്ഷാ നീക്കങ്ങളും അഗ്നി 6 ഒരുക്കങ്ങളും
പുതിയ ഭൂഖണ്ഡാന്തര മിസൈലിൻ്റെ പരീക്ഷണത്തിന് മുന്നോടിയായി വിപുലമായ സുരക്ഷാ മുൻകരുതലുകളാണ് ചാന്ദിപൂരിൽ സ്വീകരിച്ചിരിക്കുന്നത്. ഒഡീഷയിലെ ബാലസോർ ജില്ലയിലുള്ള ലോഞ്ച് കോംപ്ലക്സ് 3 (LC-3) പരിസരത്തെ ഗ്രാമങ്ങളിൽ നിന്നും പതിനൊന്നായിരത്തിലധികം ജനങ്ങളെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു.
സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്കും കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക ഒരുക്കങ്ങൾ പൂർത്തിയായതായും സർക്കാർ അനുമതി ലഭിച്ചാലുടൻ പരീക്ഷണവുമായി മുന്നോട്ട് പോകുമെന്നും ഡിആർഡിഒ ചെയർമാൻ സമീർ വി. കാമത്ത് മുൻപ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ഈ പുതിയ മിസൈൽ പത്തിലധികം ആണവ യുദ്ധമുനകൾ വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരേ സമയം തൊടുത്തുവിടാൻ ശേഷിയുള്ളതാണ്.
എംഐആർവി (MIRV) സാങ്കേതികവിദ്യയാണ് ഇതിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ശത്രുരാജ്യങ്ങളുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ഇതിന് പ്രത്യേക ശേഷിയുണ്ട്.
ചൈനയുടെ എച്ച്ക്യു 19, അമേരിക്കയുടെ താഡ് (THAAD) എന്നിവയുടെ കണ്ണുവെട്ടിച്ച് മുന്നേറാൻ ഇതിന് സാധിക്കുമെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു.
8,000 മുതൽ 12,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ മിസൈൽ കരയിൽ നിന്നും അന്തർവാഹിനികളിൽ നിന്നും തൊടുക്കാൻ സാധിക്കും.
ശത്രു മിസൈലുകളെ തകർക്കാൻ ബിഎംഡി ഫേസ് 2 കോട്ട
അഗ്നി മിസൈലുകളുടെ ആക്രമണ കരുത്തിനൊപ്പം തന്നെ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന മിസൈൽ പ്രതിരോധ (BMD Phase II) പരീക്ഷണമാണ് ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയത്.
ശത്രുരാജ്യങ്ങൾ ഇന്ത്യയ്ക്ക് നേരെ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ഇതിന് സാധിക്കും.
ഡിആർഡിഒ വികസിപ്പിച്ച എഡി-1, എഡി-2 (AD-1 & AD-2) ഇൻ്റർസെപ്റ്റർ മിസൈലുകളാണ് ഈ പരീക്ഷണത്തിൽ പങ്കെടുത്തത്. 2,000 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ശത്രു മിസൈലുകളെ തടയാൻ ഈ പുതിയ ഘട്ടത്തിന് ശേഷിയുണ്ട്.
ഇതിനിടെ അന്തരീക്ഷത്തിന് അകത്തുവെച്ചും (Endo-atmospheric) പുറത്തുവെച്ചും (Exo-atmospheric) ശത്രു ലക്ഷ്യങ്ങളെ തകർക്കാൻ ഈ ഇൻ്റർസെപ്റ്ററുകൾക്ക് സാധിക്കും.
പരീക്ഷണ സമയത്ത് അഡ്വേർസറി മിസൈലുകളെ അനുകരിച്ച് തൊടുത്തുവിട്ട ടാർഗെറ്റ് മിസൈലുകളെ ഇവ കൃത്യമായി ആകാശത്ത് വെച്ച് തന്നെ തകർത്തു.
ഭൂമിയിലെയും കടലിലെയും റഡാറുകൾ വഴിയാണ് ഇവയുടെ ഗതി നിയന്ത്രിച്ചത്. കൂടാതെ ഇതോടൊപ്പം തന്നെ തദ്ദേശീയമായി വികസിപ്പിച്ച നേവൽ ആൻ്റി-ഷിപ്പ് മിസൈലിൻ്റെ (NASM-MR) ആദ്യ ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
ആഗോള പ്രതിരോധ രംഗത്തെ പുതിയ സമവാക്യങ്ങൾ
ഈ ഇരട്ട മുന്നേറ്റത്തോടെ ലോകത്തെ ഏറ്റവും സുരക്ഷിതമായ പ്രതിരോധ സംവിധാനമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി കഴിഞ്ഞു. നിലവിൽ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ വിരലിലെണ്ണക്കാവുന്ന രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരം ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കോട്ട സ്വന്തമായുള്ളത്.
ഈ അത്യാധുനിക സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യൻ ആകാശവും അതിർത്തികളും കൂടുതൽ സുരക്ഷിതമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒ ശാസ്ത്രജ്ഞരെയും സായുധ സേനയെയും അഭിനന്ദിച്ചു.
വരും ദിവസങ്ങളിൽ അഗ്നി 6 മിസൈലിൻ്റെ ഔദ്യോഗിക പരീക്ഷണ തീയതികൾ പ്രതിരോധ മന്ത്രാലയം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.






