തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീനയെ അടിയന്തിരമായി നീക്കിയ സംഭവത്തിൽ വിവാദം പുകയുന്നു. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ അപ്രതീക്ഷിത നടപടി ഉണ്ടായത്.
ഡോ. കെ.ജെ. റീനയെ തരംതാഴ്ത്തി എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് പുതിയ നിയമനം നൽകിയിരിക്കുന്നത്.
പകരമായി അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്ക് ഹെൽത്ത് സർവീസസ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകി.
സർക്കാരിൻ്റെ വാദങ്ങളും ഡോ. റീനയുടെ വെളിപ്പെടുത്തലും
കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഡയറക്ടർ 15 ദിവസത്തെ അവധി ആവശ്യപ്പെട്ടത് തെറ്റായ നടപടിയെന്നാണ് ഔദ്യോഗിക ഉത്തരവിൽ പറയുന്നത്.
എന്നാൽ ഇത് ഡോ. റീന പൂർണ്ണമായും തള്ളിക്കളഞ്ഞു. താൻ 15 ദിവസത്തെ ലീവിന് എപേക്ഷിച്ചിട്ടില്ലെന്നും അസുഖം ബാധിച്ചതിനാൽ രണ്ടര ദിവസത്തെ കാഷ്വൽ ലീവിനാണ് അപേക്ഷിച്ചതെന്നും അവർ വെളിപ്പെടുത്തി.അവധി ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് അത് പുറത്തുവിടട്ടെയെന്നും അവർ വെല്ലുവിളിച്ചു.
മാറ്റുന്നതിന് മുൻപ് തന്നോട് വിശദീകരണം ചോദിക്കാമായിരുന്നുവെന്നും ഇത് നീതി നിഷേധമാണെന്നും ഡോ. റീന കൂട്ടിച്ചേർത്തു.
ശബരിമല ഡ്യൂട്ടിയും സ്ഥലംമാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണവും
മണ്ഡലകാലത്ത് ശബരിമലയിൽ ഡ്യൂട്ടിക്ക് എത്തുന്ന ഡോക്ടർമാർക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന തിരുവിതാംകൂർ ദേവസ്വം ബോർഡിന് (TDB) കത്ത് നൽകിയിരുന്നു.
ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രിയായ കെ. മുരളീധരൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഈ കത്ത് മന്ത്രിയെയും വകുപ്പിനെയും വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയായാണ് ഈ പെട്ടെന്നുള്ള തരംതാഴ്ത്തലെന്നാണ് സൂചനകൾ.
ശബരിമല ഡ്യൂട്ടിക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനൽകില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഡോ. റീന വ്യക്തമാക്കി. ഈ സ്ഥലംമാറ്റം ഒരു ശിക്ഷാനടപടിയായാണ് തനിക്ക് തോന്നുന്നതെന്നും അവർ പറഞ്ഞു.



Leave a Comment