പരസ്യ മർദ്ദനവും മാനസിക പീഡനവും; കണ്ണൂർ സർവകലാശാലാ ഗസ്റ്റ് അധ്യാപികയുടെ ആത്മഹത്യയിൽ ഒളിവിലായിരുന്ന കാമുകൻ അറസ്റ്റിൽ

Pravasy Today Editorial Team

ജൂൺ 19, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
Kannur University Guest Lecturer Suicide boyfriend saran

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായ പാനൂർ സ്വദേശിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പൊലീസിൻ്റെ പിടിയിലായി. പാനൂർ മൊകേരി വള്ളങ്ങാട് സ്വദേശിനിയായ ആദിത്യ അനിൽകുമാർ (28) ആണ് ആൺസുഹൃത്തിൻ്റെ പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന പ്രതിയും ആദിത്യയുടെ കാമുകനുമായ കണ്ണൂർ മനേക്കര സ്വദേശി ശരണിനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീടിന് സമീപത്ത് നിന്നുതന്നെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ജൂൺ എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ശരൺ ആദിത്യയെ പരസ്യമായി ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിൻ്റെ കടുത്ത മനോവിഷമത്തിലായിരുന്ന യുവതി ജൂൺ 14-ന് സ്വന്തം വീട്ടിൽ വെച്ച് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.

ഉടൻ തന്നെ വീട്ടുകാർ തലശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയെങ്കിലും, ദിവസങ്ങളോളം ചികിത്സയിലായിരുന്ന ആദിത്യ ജീവൻ രക്ഷിക്കാനാകാതെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ശരണും ആദിത്യയും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു.

എന്നാൽ ഇതിനിടെ ശരൺ യുവതിയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

ബസ് സ്റ്റാൻഡിൽ വെച്ച് പരസ്യമായി മർദ്ദനമേറ്റ വിവരം ആദിത്യ അന്ന് തന്നെ വീട്ടിലെത്തി അമ്മയോടും മറ്റ് ബന്ധുക്കളോടും തുറന്നു പറഞ്ഞിരുന്നു.

ശരണിൻ്റെ നിരന്തരമുള്ള മാനസിക പീഡനം സഹിക്കാൻ കഴിയാത്തതിനാലാണ് താൻ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് ആദിത്യ അമ്മയോട് വ്യക്തമാക്കിയിരുന്നതായും വിവരമുണ്ട്.

ആദിത്യയുടെ മരണത്തിൽ അമ്മ പി.പി. ഉദയ നൽകിയ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് പാനൂർ പൊലീസ് ശരണിനെതിരെ കേസെടുത്തത്.

കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ ശരണിനെ കണ്ടെത്താനായി പൊലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഒടുവിൽ പ്രതി പൊലീസിന്റെ വലയിലാകുകയായിരുന്നു.

നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ആദിത്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Comment