ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ വാതക പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റു. അപകടത്തിൽ 18 പേരെ കാണാതായതായും ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകുന്നേരം ബർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിലാണ് വലിയ സ്ഫോടനവും തീപിടിത്തവും ഉണ്ടായത്.
പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഖത്തർ എനർജിയുടെ അടിയന്തര പ്രതികരണ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
കാണാതായവർക്കായി ഖത്തർ ഇൻ്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പും സിവിൽ ഡിഫൻസ് ടീമുകളും തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്ലാന്റിൽ നിന്നുള്ള വാതക ചോർച്ച പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നില്ലെന്നും അപകടസാധ്യതകൾ ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഖത്തറിലെ പ്രധാന വാതക വിതരണ കേന്ദ്രങ്ങളിലൊന്നായ ബർസാൻ പ്ലാന്റിലെ തുടർ നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നും കൃത്യമായ വിവരങ്ങൾ അധികൃതർ നിരീക്ഷിച്ചുവരികയുമാണെന്നാണ് റിപ്പോർട്ടുകൾ.



Leave a Comment