ദോഹ/ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ അതിദാരുണമായ തീപിടിത്തത്തിൽ 15 വിദ്യാർഥികൾ മരിച്ചു. അലിഗഞ്ച് (Aliganj) മേഖലയിലുള്ള മൂന്നുനില വാണിജ്യ കെട്ടിടത്തിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വൻ തീപിടിത്തമുണ്ടായത്.
ഒട്ടേറെ വിദ്യാർഥികൾ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പരിക്കേറ്റ നാല് വിദ്യാർഥികളെ വിദഗ്ധ ചികിത്സയ്ക്കായി കെ.ജി.എം.സി (KGMC) ട്രോമ സെൻ്ററിലേക്ക് മാറ്റി.
അനിമേഷൻ പഠനകേന്ദ്രവും ലൈബ്രറിയും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവും ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തീ അതിവേഗം പടർന്നുപിടിച്ചതോടെ പരിഭ്രാന്തരായ വിദ്യാർഥികൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വിവരമറിഞ്ഞ ഉടൻ തന്നെ 14 ഫയർ എഞ്ചിനുകളും എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF) സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഹൈഡ്രോളിക് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് മുകൾ നിലകളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഓക്സിജൻ മാസ്കുകളുമായി കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് പരിശോധന തുടരുകയാണ്. കനത്ത പുക കെട്ടിടത്തിനുള്ളിൽ നിറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. നാട്ടുകാരും പോലീസും ചേർന്നാണ് ആദ്യഘട്ടത്തിൽ കുടുങ്ങിക്കിടന്ന ചിലരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് (Brajesh Pathak), 14 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരപ്പണികൾ കൂടുതലുള്ള ഇൻ്റിരിയർ ആയിരുന്നതിനാൽ തീ വളരെ വേഗത്തിൽ പടർന്നുപിടിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ജനസാന്ദ്രതയേറിയ വാണിജ്യ മേഖലയിലുണ്ടായ അപകടം രക്ഷാപ്രവർത്തനങ്ങളെ തുടക്കത്തിൽ അല്പം ദുഷ്കരമാക്കിയിരുന്നു. കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ഒരു പെറ്റ് ക്ലിനിക്കും പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
അപകടത്തെത്തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.



Leave a Comment