ദോഹ: ദോഹയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫിൽ നടക്കുന്ന മൂന്നാം ഹംബ ഇന്ത്യൻ മാമ്പഴ മേള (Hamba Indian Mango Exhibition) ചരിത്ര വിജയത്തിലേക്ക്.
ഖത്തറിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന മേളയിൽ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വിൽപനയിലും സന്ദർശകരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തെ റെക്കോർഡുകൾ ആദ്യ അഞ്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ മേള മറികടന്നിരിക്കുകയാണ്.
ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 84 ടൺ മാമ്പഴമാണ് മേളയിൽ വിറ്റഴിച്ചത്. കഴിഞ്ഞ തവണത്തെ മേളയിൽ ആദ്യ അഞ്ച് ദിവസത്തെ വിൽപ്പന 56 ടൺ ആയിരുന്നു.
വിൽപ്പനയിൽ മാത്രമല്ല, മേള കാണാൻ എത്തുന്നവരുടെ എണ്ണത്തിലും ഈ വർഷം വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്.
ഇതുവരെ 74,000-ത്തിലധികം ആളുകളാണ് ഇത്തവണ മേള സന്ദർശിക്കാനെത്തിയത്. കഴിഞ്ഞ തവണ സമാന കാലയളവിൽ ഇത് 52,000 ആയിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്തയിനം മാമ്പഴങ്ങൾ മേളയിൽ ലഭ്യമാണ്.
മാമ്പഴങ്ങൾക്ക് പുറമെ മാമ്പഴം ഉപയോഗിച്ചുണ്ടാക്കിയ ജ്യൂസുകൾ, അച്ചാറുകൾ, മധുരപലഹാരങ്ങൾ, മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
35-ലധികം ഇന്ത്യൻ കമ്പനികളാണ് ഈ വർഷത്തെ മേളയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. ഖത്തർ വിപണിയിൽ ഇന്ത്യൻ കാർഷിക, ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം. കുടുംബമായി വന്ന് സന്ദർശിക്കാൻ സാധിക്കുന്ന ഈ പരിപാടി ജൂൺ 27 വരെയാണ് നടക്കുന്നത്.



Leave a Comment