എബോള ഭീതി: മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള വിസകളും യാത്രാനുമതിയും വിലക്കി സൗദി അറേബ്യ

Pravasy Today Editorial Team

ജൂൺ 27, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
Saudi Arabia Visa Ban

റിയാദ്: എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാവിലക്കും വിസ നിയന്ത്രണവും ഏർപ്പെടുത്തി സൗദി അറേബ്യ.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കാണ് സൗദി പൗരന്മാർക്ക് താത്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാത്തരം വിസകളും അനുവദിക്കുന്നതും നിർത്തിവെച്ചു.

ഉംറ വിസകൾ ഉൾപ്പെടെ എല്ലാ വിഭാഗം വിസകൾക്കും ഈ വിലക്ക് ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്കും, സൗദിയിലേക്ക് വരുന്നതിന് മുൻപുള്ള 21 ദിവസങ്ങൾക്കുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും രാജ്യത്തേക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കില്ല.

മൂന്നാമതൊരു രാജ്യം വഴി വരുന്നവർക്കും ഈ നിയന്ത്രണം ബാധകമാണ്.

സൗദിയിൽ എബോള വൈറസ് എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഭരണകൂടത്തിൻ്റെ പുതിയ തീരുമാനം.

രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ സുസജ്ജമാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ.

പ്രതിരോധ നിയന്ത്രണങ്ങൾ നിലവിൽ വന്നതിന് ശേഷം രാജ്യത്ത് എബോള കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പകർച്ചവ്യാധി പടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള കർശന പ്രതിരോധ നടപടി മാത്രമാണിതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

അതേസമയം, രോഗബാധിത പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന റുവാണ്ട, ബുറുണ്ടി, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പ്രവേശന കവാടങ്ങളിൽ കർശന ആരോഗ്യ പരിശോധനയും നിരീക്ഷണവും സൗദി ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Comment