ദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ (QCDC) ശ്രദ്ധേയമായ പ്രോഗ്രാമായ ‘മൈ കരിയർ – മൈ ഫ്യൂച്ചർ 2026’ (My Career – My Future 2026) എട്ടാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ഖത്തറിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഭാവിയിലെ ഉപരിപഠനം, മികച്ച കരിയർ തിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമായ ധാരണ നൽകാൻ സഹായിക്കുന്ന മികച്ചൊരു എജ്യൂക്കേഷൻ അപ്ഡേറ്റാണിത്. ഈ വർഷത്തെ പ്രോഗ്രാം 2026 ഓഗസ്റ്റ് 2 മുതൽ 6 വരെയാണ് നടക്കുക.
വിദ്യാർത്ഥികളെ യഥാർത്ഥ തൊഴിൽ സാഹചര്യങ്ങളിലേക്ക് നേരിട്ട് കൊണ്ടുപോയി വിവിധ കരിയർ മേഖലകളെ പരിചയപ്പെടുത്തുക എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, കായിക-യുവജന മന്ത്രാലയം, സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ എന്നിവയുമായി സഹകരിച്ചാണ് ക്യു.സി.ഡി.സി ഈ പദ്ധതി നടപ്പിലാക്കുന്നത്.
ക്ലാസ് മുറികളിൽ നിന്നുള്ള കരിയർ ഗൈഡൻസിനപ്പുറം വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പ്രായോഗിക അനുഭവം (direct experience) നൽകാൻ ഈ പ്രോഗ്രാമിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഖത്തറിലെ ഇന്ത്യൻ പ്രവാസി കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ അവധിക്കാല ക്യാമ്പ് മാത്രമല്ല.
പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി തീരുമാനിക്കുന്നതിൽ ഈ പ്രോഗ്രാം വലിയ പങ്കുവഹിക്കും.
അനുയോജ്യമായ യൂണിവേഴ്സിറ്റി കോഴ്സുകൾ തിരഞ്ഞെടുക്കുക, സയൻസ് (STEM), നോൺ-സയൻസ് മേഖലകളിലെ അവസരങ്ങൾ തിരിച്ചറിയുക, പബ്ലിക്-പ്രൈവറ്റ് സെക്ടറുകളിലെ തൊഴിൽ സംസ്കാരം അടുത്തറിയുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഈ അവസരം വിദ്യാർത്ഥികളെ സഹായിക്കും.
സാധാരണയായി ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നീറ്റ് (NEET), ജെ.ഇ.ഇ (JEE) അല്ലെങ്കിൽ സി.ബി.എസ്.ഇ (CBSE) ട്രാക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ്, ഖത്തറിലെ പ്രാദേശിക അവസരങ്ങളെക്കുറിച്ച് കൂടി (local opportunities) മനസ്സിലാക്കാൻ ഇത്തരം പ്രോഗ്രാമുകൾ അവസരമൊരുക്കുന്നത്.
സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുള്ള രക്ഷിതാക്കളും വിദ്യാർത്ഥികളും എത്രയും വേഗം ക്യു.സി.ഡി.സിയുടെ ഔദ്യോഗിക ചാനലുകൾ വഴി യോഗ്യത, ഫീസ്, ഭാഷ, രജിസ്ട്രേഷൻ അവസാനിക്കുന്ന തിയതി തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുന്നതാണ് ഉചിതം.



Leave a Comment