തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന ഒ.ബി.സി വിഭാഗത്തെ ജാതി സെൻസസ് ചോദ്യാവലിയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി ആസൂത്രിതമായ ഭരണഘടനാ അട്ടിമറിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഒ.ബി.സി/എസ്.ഇ.ബി.സി എന്നത് ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട, സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗമാണ്. ഇവരെ സെൻസസിൽ നിന്ന് ബോധപൂർവ്വം അപ്രത്യക്ഷമാക്കുന്നത് രാജ്യത്തെ ഭൂരിപക്ഷ ജനതയോട് ചെയ്യുന്ന ചരിത്രപരമായ വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് വഴി ലഭ്യമായ 27 ശതമാനം സംവരണം അടക്കമുള്ള ഭരണഘടനാ അവകാശങ്ങൾ ഘട്ടംഘട്ടമായി ഇല്ലാതാക്കുകയാണ് കേന്ദ്ര ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ കേന്ദ്ര സർവീസുകളിലെ ഗ്രൂപ്പ് എ തസ്തികകളിൽ ഉൾപ്പെടെ ഒ.ബി.സി പ്രാതിനിധ്യം വെറും 15 മുതൽ 17 ശതമാനത്തിൽ ഒതുങ്ങിനിൽക്കുമ്പോഴാണ് ഈ വഞ്ചനാപരമായ സമീപനം സ്വീകരിക്കുന്നത്.
ജനസംഖ്യയുടെ യഥാർത്ഥ കണക്കുകൾ പുറത്തുവന്നാൽ ജനസംഖ്യാനുപാതികമായ വിഭവ വിതരണവും കൂടുതൽ സംവരണവും അനുവദിക്കേണ്ടി വരുമെന്ന ഭയമാണ് സർക്കാരിനെ പിന്നോട്ട് വലിക്കുന്നത്. വ്യക്തമായ പഠനങ്ങളോ റിപ്പോർട്ടുകളോ ഇല്ലാതെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഒറ്റരാത്രികൊണ്ട് നടപ്പിലാക്കിയ സർക്കാരാണ് ഒ.ബി.സി കണക്കെടുപ്പിന് സാങ്കേതിക തടസ്സങ്ങൾ നിരത്തുന്നത്. ഇത് അവരുടെ സവർണ്ണ താല്പര്യങ്ങളെയാണ് തുറന്നുകാട്ടുന്നത്.
രാജ്യത്തെ നയരൂപീകരണത്തിന്റെ അടിസ്ഥാന രേഖയാകേണ്ട സെൻസസ് അട്ടിമറിക്കപ്പെടുമ്പോൾ, അതിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതിയുടെ നിലപാട് അങ്ങേയറ്റം നിരാശാജനകമാണ്. ജാതിരേഖ വെട്ടിമാറ്റിയതിനെ വെറുമൊരു ‘നയപരമായ തീരുമാനമായി’ മാത്രം ലഘൂകരിച്ച്, സർക്കാരിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന സെൻസസ് കമ്മീഷണറെ സമീപിക്കാൻ നിർദേശിച്ച സുപ്രീം കോടതി നടപടി വിഷയത്തിന്റെ ഗൗരവത്തെ പരിഗണിക്കാതെയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക-സാമ്പത്തിക വിവരങ്ങൾ കൃത്യമായി ശേഖരിച്ച് പിന്നാക്ക ജനവിഭാഗങ്ങൾക്ക് സാമൂഹികനീതി ഉറപ്പാക്കാൻ ബാധ്യസ്ഥരായ ഭരണകൂടം തന്നെ അസമത്വം വർദ്ധിപ്പിക്കാൻ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.





