Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
🔍 വാർത്തകൾ തിരയുക Search Newsfact
→
ഫോണ്ട്
Kerala
ഹോം / Kerala / വാർത്ത

റഷ്യൻ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിൽ മലയാളി വിദ്യാർത്ഥികൾക്ക് വെങ്കല മെഡൽ തിളക്കം

റഷ്യയിൽ നടന്ന അന്താരാഷ്ട്ര യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിൽ (MY-GEO) ഇന്ത്യക്കായി വെങ്കല മെഡൽ നേടി മലയാളി വിദ്യാർത്ഥികളായ അമീന ഷെർമിനും എ. അഭിനവും.
ADVERTISEMENT
Kerala students Ameena Shermin and A. Abhinav holding bronze medals won at the Russian Youth Geography Olympiad

തിരുവനന്തപുരം: റഷ്യയിൽ നടന്ന അന്താരാഷ്ട്ര ജ്യോഗ്രഫി ഒളിമ്പ്യാഡിൽ ഇന്ത്യക്കായി രണ്ട് മലയാളി വിദ്യാർത്ഥികൾ വെങ്കല മെഡൽ നേടി. ഒക്ടോബർ 24 മുതൽ നവംബർ 1 വരെ റഷ്യയിൽ നടന്ന മൾട്ടിനാഷണൽ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിലാണ് (MY-GEO) മലപ്പുറം താനൂർ എം.ഇ.എസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സി.എം. അമീന ഷെർമിനും, തൃശൂർ കുളപതി മുൻഷി ഭവൻസ് വിദ്യാമന്ദിറിലെ (KMBVM പൊട്ടോർ) പത്താം ക്ലാസ് വിദ്യാർത്ഥി എ. അഭിനവും അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്. വ്യക്തിഗത നേട്ടങ്ങൾക്ക് പുറമെ, മൾട്ടിമീഡിയ ക്യാമറൽ റൗണ്ടിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ പ്രതിനിധി സംഘം പ്രത്യേക ടീം മെഡലും സ്വന്തമാക്കി.

ലോകമെമ്പാടുമുള്ള 11 ദേശീയ ടീമുകൾ മാറ്റുരച്ച ആഗോള വേദിയിലാണ് കേരളത്തിലെ ഈ കൗമാരക്കാർ രാജ്യത്തിൻ്റെ അഭിമാനമുയർത്തിയത്. തിയറി, പ്രാക്ടിക്കൽ, മൾട്ടിമീഡിയ എന്നിങ്ങനെ മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഭൗതിക, സാമൂഹിക, പാരിസ്ഥിതിക ഭൂശാസ്ത്ര രംഗങ്ങളിലെ അറിവുകൾക്കൊപ്പം മാപ്പുകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ, സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ എന്നിവ ഉപയോഗിച്ച് ഭൂശാസ്ത്ര പ്രശ്നങ്ങൾ വിശകലനം ചെയ്യാനും പരിഹരിക്കാനുമുള്ള മികവും വിദ്യാർത്ഥികൾ തെളിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളുമായി സംവദിക്കാനുള്ള വിദ്യാഭ്യാസ സാംസ്കാരിക വിനിമയ പരിപാടികളും ഒളിമ്പ്യാഡിന്റെ ഭാഗമായി ഉണ്ടായിരുന്നു.

കേരളത്തിലെ 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി റിസോർസിയോ (Resorcio) സംഘടിപ്പിച്ച ഒരു വർഷം നീണ്ട ഗെയിമിഫൈഡ് ലേണിംഗ് മത്സരമായ ‘യുഡാൻഷ’ (Yudansha) വിജയികളായാണ് ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയത്. റഷ്യൻ ജ്യോഗ്രഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യൻ സെന്ററും തിരുവനന്തപുരത്തെ റഷ്യൻ ഹോണററി കോൺസുലേറ്റും ചേർന്നാണ് ഇവരെ തിരഞ്ഞെടുത്തത്. കേവലം പാഠപുസ്തക മികവിനപ്പുറം കുട്ടികളുടെ സംഘബലം, ആശയവിനിമയ ശേഷി, സാമൂഹികാവബോധം എന്നിവ കൂടി സമഗ്രമായി വിലയിരുത്തിയായിരുന്നു ഈ തിരഞ്ഞെടുപ്പ്.

റിസോർസിയോ യുഡാൻഷ പദ്ധതി ഹെഡ് വിധു മാർട്ടിനാണ് മത്സരങ്ങളിലും സാംസ്കാരിക വിനിമയ പരിപാടികളിലും ഇന്ത്യൻ സംഘത്തെ നയിച്ചത്. പരമ്പരാഗത ക്ലാസ് മുറികൾക്കപ്പുറം വിദ്യാർത്ഥികളിൽ പ്രായോഗിക അറിവും അന്താരാഷ്ട്ര കാഴ്ചപ്പാടും വളർത്താൻ ഇത്തരം അനുഭവങ്ങൾ സഹായകരമാകുമെന്നും, തങ്ങളുടെ വിദ്യാർത്ഥികൾ നേടിയ ഈ അന്താരാഷ്ട്ര അംഗീകാരം മികച്ചൊരു നാഴികക്കല്ലാണെന്നും റിസോഴ്സിയോ അധികൃത൪ വ്യക്തമാക്കി.

ADVERTISEMENT