അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള പ്രൈം ഓഫീസ് (Prime Office) വാടക നിരക്കുകൾ കുതിച്ചുയരുന്നു. പ്രമുഖ ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ ജെഎൽഎൽ (JLL) പുറത്തുവിട്ട 2026 ഒന്നാം പാദത്തിലെ ‘റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഡൈനാമിക്സ്’ റിപ്പോർട്ട് പ്രകാരമാണ് ഈ വൻ വർദ്ധനവ്. നഗരത്തിലെ പ്രമുഖ ബിസിനസ് കേന്ദ്രങ്ങളിലെ പ്രീമിയം ഓഫീസുകളുടെ വാടകയിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.7 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര കമ്പനികളും പ്രാദേശിക സംരംഭങ്ങളും വലിയ തോതിൽ അബുദാബിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതാണ് ഈ ആവശ്യകത വർദ്ധിക്കാൻ കാരണം.
ഡിമാൻഡ് കുത്തനെ കൂടിയപ്പോൾ ഒഴിഞ്ഞുകിടക്കുന്ന ഓഫീസുകളുടെ നിരക്ക് (Vacancy rate) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 0.1 ശതമാനത്തിലേക്ക് കൂപ്പുകുത്തി. പ്രൈം ഓഫീസുകൾക്ക് പുറമെ നഗരത്തിലെ ഗ്രേഡ്-എ (Grade A) ഓഫീസുകളുടെ വാടകയിൽ 5.1 ശതമാനവും ഗ്രേഡ്-ബി (Grade B) ഓഫീസുകളുടെ വാടകയിൽ 4.2 ശതമാനവും വർദ്ധനവുണ്ടായിട്ടുണ്ട്. നിലവിൽ അബുദാബിയിലെ ആകെ ഓഫീസ് സ്പേസ് 4.18 മില്യൺ ചതുരശ്ര മീറ്ററായി ഉയർന്നിട്ടുണ്ടെങ്കിലും പ്രീമിയം വിഭാഗത്തിൽ പുതിയ കെട്ടിടങ്ങളുടെ ലഭ്യത കുറവാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മേഖലയിലെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും യുഎഇയിലെ റിയൽ എസ്റ്റേറ്റ്, റീറ്റെയ്ൽ മേഖലകൾ മികച്ച സ്ഥിരതയും വളർച്ചയുമാണ് പ്രകടിപ്പിക്കുന്നത്. അബുദാബിയിലെ പ്രമുഖ മാളുകളുടെ വാടക നിരക്കുകൾ ഉയർന്ന നിലവാരത്തിൽ തന്നെ തുടരുകയാണ്. വരും പാദങ്ങളിലും പുതിയ പ്രൊജക്ടുകൾ പൂർത്തിയാകുന്നതുവരെ ഓഫീസ് വാടക നിരക്കുകൾ ഇതേ രീതിയിൽ ഉയർന്നുതന്നെ നിൽക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. നിരവധി പ്രവാസി മലയാളികൾ ബിസിനസ് രംഗത്തും റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി മേഖലയിലും പ്രവർത്തിക്കുന്ന അബുദാബി വിപണിയിൽ ഈ മാറ്റങ്ങൾ വലിയ ചലനങ്ങളുണ്ടാക്കും.



Leave a Comment