ദോഹ: കടുത്ത വേനൽച്ചൂടിൽ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനായുള്ള ഖത്തറിലെ നിർണായക വേനൽക്കാല നിയമം (മിഡ്ഡേ ഔട്ട്ഡോർ വർക്ക് ബാൻ) ഇന്ന് (ജൂൺ 1) മുതൽ പ്രാബല്യത്തിൽ. തൊഴിൽ മന്ത്രാലയത്തിന്റെ ഹീറ്റ് സ്ട്രെസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 03:30 വരെ തുറസ്സായ ഇടങ്ങളിൽ ജോലി ചെയ്യുന്നത് കർശനമായി നിരോധിച്ചു. നിർമാണം, റോഡ് വികസനം, മറ്റ് പുറംതൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമേകുന്നതാണ് ഈ സുരക്ഷാനടപടി.
2021-ലെ 17-ാം നമ്പർ മന്ത്രിതല തീരുമാനം പ്രകാരമുള്ള ഈ നിയന്ത്രണം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകും. ഖത്തറിലെ നിർമാണ-പരിപാലന മേഖലകളിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ബ്ലൂ-കോളർ തൊഴിലാളികൾക്ക് ഈ നിയമം ഏറെ പ്രയോജനം ചെയ്യും. ഉയർന്ന താപനിലയുള്ള സമയങ്ങളിൽ കഠിനമായ ജോലി ചെയ്യുന്നത് ഹീറ്റ് സ്ട്രെസ്, നിർജ്ജലീകരണം (ഡീഹൈഡ്രേഷൻ), മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാലാണ് ഈ സമയക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിയമപ്രകാരമുള്ള വിശ്രമവേളകളിൽ തൊഴിലാളികൾക്ക് തണലുള്ള വിശ്രമ സൗകര്യങ്ങളും തണുത്ത കുടിവെള്ളവും ആവശ്യമായ മറ്റ് മുൻകരുതലുകളും തൊഴിലുടമകൾ നിർബന്ധമായും ഉറപ്പാക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. വേനൽക്കാലത്തെ ജോലി സമയം, തൊഴിലിടങ്ങളിലെ അവകാശങ്ങൾ എന്നിവ ഉറപ്പുവരുത്തുന്ന ഈ നിയമത്തിൽ വീഴ്ചവരുത്തുന്ന കമ്പനികൾക്കെതിരെ സ്റ്റോപ്പ്-വർക്ക് ഓർഡർ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. നിർദ്ദിഷ്ട സമയങ്ങളിൽ നിയമലംഘനം നടത്തി തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കാവുന്നതാണ്.



Leave a Comment