ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ അപകടത്തിൽ മരിച്ച പന്ത്രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ അധികൃതർ പൂർത്തിയാക്കിയത്.
ആദ്യ ഘട്ടമായി ജൂൺ 25-ന് നാല് പേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചിരുന്നു. ബാക്കിയുള്ള എട്ട് പേരുടെ മൃതദേഹങ്ങൾ ജൂൺ 26-ന് ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികളും പൂർത്തിയായി.
ഇന്ത്യൻ എംബസി, ഖത്തർ അധികൃതർ, വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകൾ, ഇന്ത്യയിലെ മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവയുടെ സംയുക്ത ഏകോപനത്തിലൂടെയാണ് ഈ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത്.
പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കി
അപകടത്തിൽ പരുക്കേറ്റ് അൽ ഖോറിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരെ ഇന്ത്യൻ അംബാസഡറും മറ്റ് എംബസി ഉദ്യോഗസ്ഥരും നേരിട്ട് സന്ദർശിച്ചു. എല്ലാവർക്കും നിലവിൽ ആവശ്യമായ മികച്ച മെഡിക്കൽ സഹായം ലഭിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഖത്തറിലെ പ്രവാസി സമൂഹത്തെയും നാട്ടിലെ കുടുംബങ്ങളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു റാസ് ലഫാനിലേത്.
ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, അപകടത്തിൽ ആകെ 13 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 66 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ മരിച്ച 12 പേർ ഇന്ത്യക്കാരാണെന്ന് മുൻപ് തന്നെ അധികൃതർ സ്ഥിരീകരിച്ചിരുന്നു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടികൾ പൂർത്തിയായത് മരിച്ചവരുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
അതേസമയം, തൊഴിലിടങ്ങളിലെ സുരക്ഷയും അപകടത്തിന്റെ സാങ്കേതിക കാരണങ്ങളും സംബന്ധിച്ച തുടർനടപടികൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി നിരീക്ഷിക്കപ്പെടേണ്ടതുണ്ട്.



Leave a Comment