അബുദാബി: സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ വിദ്യാർത്ഥികളെ പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കാൻ പാടില്ലെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK).
ട്യൂഷൻ ഫീസ് കുടിശ്ശിക വരുത്തിയാലും കുട്ടികൾക്ക് പരീക്ഷകൾ എഴുതാനുള്ള അവസരം നിഷേധിക്കരുതെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. 2025-2026 അധ്യയന വർഷം മുതൽ പുതിയ നയം കർശനമായി നടപ്പിലാക്കാനാണ് തീരുമാനം.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി രക്ഷിതാക്കൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ വാർത്ത.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഫീസ് അടയ്ക്കാൻ വൈകുന്ന സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് മൂന്ന് തവണ മുന്നറിയിപ്പ് നൽകണം. ഓരോ മുന്നറിയിപ്പും നൽകുന്നതിനിടയിൽ കുറഞ്ഞത് ഒരാഴ്ചത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം.
ഈ മൂന്ന് മുന്നറിയിപ്പുകൾക്ക് ശേഷവും ഫീസ് അടച്ചില്ലെങ്കിൽ മാത്രമേ വിദ്യാർത്ഥിയെ ക്ലാസ്സിൽ നിന്ന് മാറ്റിനിർത്താൻ സ്കൂളുകൾക്ക് അനുവാദമുള്ളൂ. അതും ഒരു ടേമിൽ പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രമേ ക്ലാസ്സിൽ നിന്നും സസ്പെൻഡ് ചെയ്യാൻ പാടുള്ളൂ.
അതേസമയം, കുടിശ്ശിക വരുത്തുന്ന സാഹചര്യങ്ങളിൽ സ്കൂളുകൾക്ക് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഫീസ് അടച്ചു തീർക്കുന്നത് വരെ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം (റിപ്പോർട്ട് കാർഡ്), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നിവ തടഞ്ഞുവെക്കാൻ സ്കൂളുകൾക്ക് അധികാരമുണ്ട്. കൂടാതെ, ഇ-സിസ് (eSIS) വഴിയുള്ള വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ തടയാനും അടുത്ത അധ്യയന വർഷത്തേക്കുള്ള റീ-എൻറോൾമെൻ്റ് റദ്ദാക്കാനും സ്കൂളുകൾക്ക് സാധിക്കും.
എന്നാൽ, ഫീസ് കുടിശ്ശികയുടെ പേരിൽ അടുത്ത വർഷം റീ-എൻറോൾമെൻ്റ് അനുവദിക്കില്ലെങ്കിൽ, അധ്യയന വർഷം അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും രക്ഷിതാക്കളെ രേഖാമൂലം അറിയിച്ചിരിക്കണം.
സ്കൂളുകൾ തങ്ങളുടെ ഫീസ് നിരക്കുകളും അവ ഈടാക്കുന്ന രീതികളും വ്യക്തമാക്കുന്ന സുതാര്യമായ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
രക്ഷിതാക്കൾക്ക് മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും വിദ്യാർത്ഥികളുടെ പഠനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും പുതിയ നയങ്ങൾ സഹായിക്കും.



Leave a Comment