ദോഹ: ഖത്തറിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ യാത്രാ മാർഗനിർദേശം പുറപ്പെടുവിച്ച് ദോഹയിലെ ഇന്ത്യൻ എംബസി.
ഇന്ത്യയിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും ഓൺലൈൻ വഴിയുള്ള ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം (SDF) നിർബന്ധമായും പൂർത്തിയാക്കണമെന്ന് എംബസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓർമ്മിപ്പിച്ചു.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച ‘എയർ സുവിധ 2.0’ (Air Suvidha 2.0) പോർട്ടൽ വഴിയാണ് യാത്രക്കാർ വിവരങ്ങൾ സമർപ്പിക്കേണ്ടത്.
ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസി കുടുംബങ്ങൾ, വിദ്യാർത്ഥികൾ, സന്ദർശക വിസ കഴിഞ്ഞു മടങ്ങുന്നവർ എന്നിവരുൾപ്പെടെയുള്ള എല്ലാ യാത്രക്കാരും ഈ നിബന്ധന കൃത്യമായി പാലിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് വരെ ഈ ഓൺലൈൻ ഫോം സമർപ്പിക്കാൻ സാധിക്കും. കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, ആരോഗ്യ ലക്ഷണങ്ങൾ, പകർച്ചവ്യാധി സാധ്യതയുള്ളവരുമായുള്ള സമ്പർക്കം തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ രേഖപ്പെടുത്തേണ്ടത്.
ഇത് പുതിയ യാത്രാ ടിക്കറ്റ് നിയമമോ ഖത്തറിൽ നിന്നുള്ള എക്സിറ്റ് പെർമിറ്റോ അല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മറിച്ച്, ഇന്ത്യൻ വിമാനത്താവളങ്ങളിലെ ആരോഗ്യപരിശോധനകളും ഇമിഗ്രേഷൻ നടപടികളും കൂടുതൽ വേഗത്തിലാക്കാനും സമ്പർക്കരഹിത സേവനം ഉറപ്പാക്കാനുമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്നാൽ, യാത്രയ്ക്ക് മുൻപ് ഫോം പൂരിപ്പിക്കാത്തവർക്ക് എയർപോർട്ടുകളിലെ ഹെൽത്ത് സ്ക്രീനിംഗ് സമയത്ത് താമസം നേരിടാനും എയർലൈൻ കൗണ്ടറുകളിൽ അധിക പരിശോധനകൾക്ക് വിധേയരാകേണ്ടി വരാനും സാധ്യതയുണ്ട്.
പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- യാത്രയ്ക്ക് മുൻപായി ഔദ്യോഗിക എയർ സുവിധ പോർട്ടൽ സന്ദർശിച്ച് സെൽഫ് ഡിക്ലറേഷൻ ഫോം കൃത്യമായി പൂരിപ്പിക്കുക.
- ഫോമിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
- ഫോം വിജയകരമായി സമർപ്പിച്ച ശേഷം ലഭിക്കുന്ന ഡിജിറ്റൽ കോപ്പി മൊബൈലിൽ സൂക്ഷിക്കുകയോ അല്ലെങ്കിൽ ഇതിന്റെ പ്രിന്റൗട്ട് കൈവശം വെക്കുകയോ ചെയ്യേണ്ടതാണ്.
വിമാനത്താവളങ്ങളിലെ അനാവശ്യമായ തിരക്കുകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ പ്രവാസികൾ ഈ മാർഗനിർദേശം കൃത്യമായി പാലിക്കണമെന്ന് എംബസി അധികൃതർ ഓർമ്മിപ്പിച്ചു.



Leave a Comment