കൊച്ചി: തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന വ്യാജ ഫാൻ പേജുകൾ വഴി മറ്റ് സിനിമകളെയും അണിയറപ്രവർത്തകരെയും തരംതാഴ്ത്താൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ നടൻ ആന്റണി വർഗീസ് (പെപ്പെ). തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന തന്റെ പുതിയ ചിത്രമായ ‘കാട്ടാളനെ’ മനഃപൂർവം നെഗറ്റീവ് റിവ്യൂകളിലൂടെ തകർക്കാൻ മോഹൻലാൽ ചിത്രം ‘ദൃശ്യം 3’യുടെ പിആർ ടീം ശ്രമിക്കുന്നു എന്ന രീതിയിൽ പ്രചരിച്ച വ്യാജ പോസ്റ്റിനെതിരെയാണ് താരം ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.
‘ആന്റണി വർഗീസ് ഫാൻസ് ക്ലബ്’ എന്ന ഫേസ്ബുക്ക് പേജിലാണ് ദൃശ്യം 3 യെ ‘സീരിയൽ നിലവാരം പോലുമില്ലാത്ത ചിത്രം’ എന്ന് അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടെ തനിക്കും തന്റെ ഔദ്യോഗിക ഫാൻസ് ഗ്രൂപ്പുകൾക്കും പ്രസ്തുത പേജുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആന്റണി വർഗീസ് വ്യക്തമാക്കി. അനാവശ്യമായ തർക്കങ്ങളും വിവാദങ്ങളും സൃഷ്ടിക്കാൻ ചിലർ ബോധപൂർവം വ്യാജ വാർത്തകൾ നിർമ്മിക്കുകയാണെന്നും പെപ്പെ കൂട്ടിച്ചേർത്തു.
വ്യാജ പേജുകളിൽ വരുന്ന ഇത്തരം പ്രകോപനപരമായ പോസ്റ്റുകൾ വായനക്കാർ വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് താരം അഭ്യർത്ഥിച്ചു. പോൾ ജോർജ് സംവിധാനം ചെയ്ത റോ ആക്ഷൻ ത്രില്ലറായ ‘കാട്ടാളൻ’, ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മികച്ച കളക്ഷനോടെ ബോക്സ് ഓഫീസിൽ മുന്നേറുന്ന ചിത്രത്തെ തകർക്കാൻ നടക്കുന്ന ഇത്തരം സൈബർ ഡീഗ്രേഡിങ് ശ്രമങ്ങളെ സിനിമാപ്രേമികളും തള്ളിക്കളഞ്ഞിട്ടുണ്ട്.



Leave a Comment