മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനെതിരെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും പൊതുസമാധാനം തകർക്കാനും ലക്ഷ്യമിട്ട് വിദേശങ്ങളിൽ നിന്നുള്ള ചില ശക്തികൾ ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതായി മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വ്യക്തികളുടെ ചിത്രങ്ങൾ എഐ സാങ്കേതികവിദ്യയിലൂടെ ദുരുപയോഗം ചെയ്യുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും കടുത്ത നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ഇത്തരം എഐ നിർമ്മിത ദൃശ്യങ്ങളോ വിവരങ്ങളോ യാഥാർത്ഥ്യമെന്ന് കരുതി ആരും വഞ്ചിതരാകരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കാൻ പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണം. രാജ്യത്തെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും മനഃപൂർവം നിർമ്മിച്ച ഇത്തരം ഉള്ളടക്കങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള സംശയാസ്പദമായ എഐ ചിത്രങ്ങളോ വീഡിയോകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ‘992’ എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു



Leave a Comment