തിരുവനന്തപുരം: ബലിപെരുന്നാൾ (ബക്രീദ്) പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. നേരത്തെ കലണ്ടർ പ്രകാരം മെയ് 27 ബുധനാഴ്ച മാത്രമായിരുന്നു സർക്കാർ അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് പെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് ഖാസിമാർ വ്യക്തമാക്കിയതോടെയാണ് വ്യാഴാഴ്ച കൂടി പൊതുഅവധിയായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഔദ്യോഗിക അവധിയായിരിക്കും.
വിവിധ മഹല്ല് ഖാസിമാരുടെയും മതനേതാക്കളുടെയും അറിയിപ്പ് മുൻനിർത്തിയാണ് സർക്കാർ അവധിപ്പട്ടികയിൽ മാറ്റം വരുത്തിയത്. മെയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നായി കണക്കാക്കിയതിനാലാണ് പത്താം ദിവസമായ മെയ് 28 ലേക്ക് ബലിപെരുന്നാൾ എത്തിയത്. അവധി ദിനങ്ങളിൽ മാറ്റമുണ്ടാകുമെന്ന സൂചനകളെ തുടർന്ന് പ്രവാസി മലയാളികളും നാട്ടിലുള്ള കുടുംബങ്ങളും വലിയ കാത്തിരിപ്പിലായിരുന്നു.
പെരുന്നാൾ തീയതി മാറിയതോടെ പൊതുഅവധി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സർക്കാരിന് നിവേദനം നൽകിയിരുന്നു. പുതിയ പ്രഖ്യാപനത്തോടെ ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് രണ്ട് ദിവസത്തെ അവധി ബാധകമായിരിക്കും. ഗൾഫ് രാജ്യങ്ങളിൽ മെയ് 27നാണ് പെരുന്നാൾ ആഘോഷിക്കുന്നത്.



Leave a Comment