സിംഗപ്പൂർ: പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ (Byju’s) സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനെ തുടർന്നുള്ള കോടതി അലക്ഷ്യ നടപടിയിലാണ് സിംഗപ്പൂർ കോടതിയുടെ ഈ നിർണായക വിധി. തന്റെ ആസ്തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒന്നിലധികം നിർദേശങ്ങൾ പാലിക്കുന്നതിൽ ബൈജു രവീന്ദ്രൻ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. അധികൃതർക്ക് മുന്നിൽ ഉടൻ കീഴടങ്ങാനും വിചാരണച്ചെലവായി 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 70,500 യുഎസ് ഡോളർ) നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബൈജൂസിന്റെ അനുബന്ധ കമ്പനികളിൽ ഓഹരി പങ്കാളിത്തമുള്ള ‘ബീയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ്’ (Beeaar Investco Pte) എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബൈജൂസിൽ വൻ നിക്ഷേപം നടത്തിയിരുന്ന ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ (QIA) ഉപകമ്പനി സമർപ്പിച്ച ഹർജിയിലാണ് സിംഗപ്പൂർ കോടതിയുടെ നടപടി. കോവിഡ് കാലത്ത് ശതകോടീശ്വരനായി ഉയർന്നുവന്ന ബൈജു രവീന്ദ്രൻ, നിലവിൽ അമേരിക്കയിലെ വായ്പാദാതാക്കളിൽ നിന്നും ആഗോള നിക്ഷേപകരിൽ നിന്നും സമാനമായ കടുത്ത നിയമനടപടികൾ നേരിടുകയാണ്. വിധി വരുമ്പോൾ അദ്ദേഹം സിംഗപ്പൂരിലാണോ അതോ മറ്റ് രാജ്യങ്ങളിലാണോ ഉള്ളതെന്ന് വ്യക്തമല്ല.
അതേസമയം, സിംഗപ്പൂർ കോടതിയുടെ വിധി പൂർണ്ണമായും സാങ്കേതികപരമായ ഒന്നാണെന്നും (Procedural contempt), അല്ലാതെ സാമ്പത്തിക തട്ടിപ്പോ വഞ്ചനയോ നടത്തിയതായി കോടതി കണ്ടെത്തിയിട്ടില്ലെന്നും ബൈജു രവീന്ദ്രൻ പ്രസ്താവനയിലൂടെ പ്രതികരിച്ചു. രേഖകൾ ഹാജരാക്കുന്നതിലെ തർക്കമാണ് ഇതിലേക്ക് നയിച്ചതെന്നും കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ തന്റെ നിയമവിദഗ്ധർ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപകരുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ ഇത്തരം നിയമനടപടികൾ ദുരുദ്ദേശപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Leave a Comment