ചണ്ഡീഗഢ്: രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വിവാദ സ്വയം പ്രഖ്യാപിത ആൾദൈവവും ദേര സച്ചാ സൗദ (Dera Sacha Sauda) തലവനുമായ ഗുർമീത് രാം റഹീം സിംഗിന് വീണ്ടും പരോൾ അനുവദിച്ചു. ഹരിയാനയിലെ റോഹ്തക് സുനാരിയ ജയിലിൽ കഴിയുന്ന ഇയാൾക്ക് 30 ദിവസത്തെ പരോളാണ് ഇത്തവണ ഭരണകൂടം നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 6:30 ഓടെ കടുത്ത പോലീസ് സുരക്ഷയിൽ ജയിൽ മോചിതനായ ഇയാൾ സിർസയിലുള്ള ദേര ആസ്ഥാനത്തേക്ക് തിരിച്ചു.
സിർസയിലെ കേന്ദ്രത്തിൽ കഴിയുന്ന കാലയളവിൽ അനുയായികളെ നേരിട്ട് കൂട്ടംകൂട്ടാനോ സമ്മേളനങ്ങൾ നടത്താനോ രാം റഹീമിന് അനുവാദമില്ല. എന്നാൽ തൻ്റെ അനുയായികളെ വിർച്വൽ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈനായി അഭിസംബോധന ചെയ്യാൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. 2017-ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം ഇത് 16-ാം തവണയാണ് ഇയാൾ പരോളിലോ ഫർലോയിലോ താൽക്കാലികമായി ജയിലിന് പുറത്തിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. 2026 ജനുവരിയിൽ ഇയാൾക്ക് 40 ദിവസത്തെ പരോൾ ലഭിച്ചിരുന്നു.
രണ്ട് അനുയായികളെ പീഡിപ്പിച്ച കേസിൽ സിബിഐ പ്രത്യേക കോടതി വിധിച്ച 20 വർഷം കഠിനതടവാണ് രാം റഹീം നിലവിൽ അനുഭവിച്ചു വരുന്നത്. ഇതിനുപുറമെ മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി, ദേര മുൻ മാനേജർ രഞ്ജിത് സിംഗ് എന്നിവരുടെ കൊലപാതക കേസുകളിലും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇയാളെ ഈ രണ്ട് വധക്കേസുകളിലും പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. കുപ്രസിദ്ധ കുറ്റവാളിക്ക് തുടർച്ചയായി പരോളും ആനുകൂല്യങ്ങളും അനുവദിക്കുന്ന ഹരിയാന സർക്കാരിൻ്റെ നടപടിക്കെതിരെ സിഖ് സംഘടനകളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾ വീണ്ടും ഉയരുന്നുണ്ട്.



Leave a Comment