ദുബായ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നായി ദുബായുടെ സ്ഥാനം വീണ്ടും അരക്കിട്ടുറപ്പിച്ച് പുതിയ റിപ്പോർട്ടുകൾ. 2025 ലെ സെക്യൂരിറ്റി ക്വാളിറ്റി ഓഫ് ലൈഫ് സർവേയിലാണ് പകൽ സമയത്തെ സുരക്ഷാ ബോധ്യത്തിൽ (daytime safety perception) ദുബായ് പോലീസ് 99.9 ശതമാനം എന്ന മികച്ച സ്കോർ നേടിയത്.
ഈ നേട്ടം നിയമപാലനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും സ്മാർട്ട് സംവിധാനങ്ങളുടെ കാര്യക്ഷമതയുമാണ് വ്യക്തമാക്കുന്നത്. മിനിസ്ട്രി ഓഫ് ഇൻ്റീരിയറുമായി സഹകരിച്ച് ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻ്റർ ആണ് ഈ സർവേ നടത്തിയത്.
സർവേ പ്രകാരം, രാത്രി സമയത്ത് പുറത്തിറങ്ങി നടക്കുന്നതിലെ സുരക്ഷിതത്വത്തിൽ 98.7 ശതമാനം പേരും അനുകൂലമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പോലീസ് സ്റ്റേഷനുകളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം 96.2 ശതമാനമാണ്.
സെക്യൂരിറ്റി ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ ദുബായ് പോലീസിന് മൊത്തത്തിൽ 98.2 ശതമാനം സ്കോർ ലഭിച്ചു.
ദുബായ് പോലീസിൻ്റെ പ്രവർത്തന-ഭരണ വിഭാഗങ്ങൾ സുരക്ഷയും ജനവിശ്വാസവും വർദ്ധിപ്പിക്കുന്നതിൽ നടത്തുന്ന കൂട്ടായ ശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടമെന്ന് മിനിസ്ട്രി ഓഫ് ഇൻ്റീരിയറിലെ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ സയീദ് അബ്ദുല്ല ബിൻ തുവൈർ അൽ സുവൈദി വ്യക്തമാക്കി.
ഡിജിറ്റൽ സേവനങ്ങളുടെ കാര്യത്തിലും വലിയ കുതിച്ചുചാട്ടമാണ് ദുബായ് പോലീസ് നടത്തിയത്. 2025 ൽ മാത്രം 21.8 കോടിയിലധികം (218 million) ഡിജിറ്റൽ ഇടപാടുകളാണ് പോലീസ് പൂർത്തിയാക്കിയത്.
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഇടപാടുകളിൽ 97.7 ശതമാനമാണ് ഡിജിറ്റൽ അഡോപ്ഷൻ റേറ്റ്. ഉപഭോക്താക്കളുടെ ഡിജിറ്റൽ സേവനങ്ങളിലെ തൃപ്തി 96.9 ശതമാനത്തിലെത്തി.
ഇതിനുപുറമെ, 6.9 ദശലക്ഷം എമർജൻസി, നോൺ-എമർജൻസി കോളുകൾ കൈകാര്യം ചെയ്യാനും പോലീസിനായി. ഇത് പോലീസിൻ്റെ മികച്ച പ്രവർത്തനക്ഷമതയും അതിവേഗത്തിലുള്ള പ്രതികരണ ശേഷിയുമാണ് തെളിയിക്കുന്നത്.
കഴിഞ്ഞ വർഷം ദുബായ് പോലീസിന് 12 അന്താരാഷ്ട്ര ബഹുമതികൾ ഉൾപ്പെടെ 51 അവാർഡുകൾ ലഭിച്ചിരുന്നു. ഇത് പ്രാദേശികമായും ആഗോളതലത്തിലും ഒരു മുൻനിര നിയമപാലന ഏജൻസിയെന്ന നിലയിലുള്ള അവരുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നു.
സുരക്ഷാ കാര്യങ്ങളിൽ ദുബായ് ഗവൺമെൻ്റും മിനിസ്ട്രി ഓഫ് ഇൻ്റീരിയറും നൽകുന്ന നിരന്തരമായ പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി വ്യക്തമാക്കി.
പോലീസുദ്യോഗസ്ഥരുടെ അർപ്പണബോധവും പ്രൊഫഷണലിസവും മികച്ച പ്രകടനവും ഈ സ്ഥാപനത്തിന്റെ വിജയത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധാർമ്മികത, പ്രവർത്തനക്ഷമത, സുതാര്യത, പുതിയ കണ്ടെത്തലുകൾ എന്നിവയിൽ ദുബായ് പോലീസ് നടത്തുന്ന ഇടപെടലുകൾ യുഎഇയുടെ ദേശീയ ബ്രാൻഡ് മൂല്യത്തിലേക്ക് 57.9 ബില്യൺ ദിർഹത്തിൻ്റെ (15.8 ബില്യൺ ഡോളർ) സംഭാവന നൽകിയതായും വിലയിരുത്തപ്പെടുന്നു.



Leave a Comment