ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ച പുതിയ പൊതുസുരക്ഷാ നിയമം (2026-ലെ നിയമം നമ്പർ 2) ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങൾ, വിനോദകേന്ദ്രങ്ങൾ, പൊതുപരിപാടികൾ എന്നിവടങ്ങളിൽ വ്യക്തികളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര നിയമം നടപ്പിലാക്കുന്നത്. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അപകടങ്ങളും പരിക്കുകളും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം പൊതുപരിപാടികളുടെ സംഘാടകർക്കും കെട്ടിട ഉടമകൾക്കും കടുത്ത സുരക്ഷാ ബാധ്യതകൾ ഉണ്ടായിരിക്കും. പരിപാടികൾ നടക്കുന്ന വേദികളിൽ കൃത്യമായ വെളിച്ചം, വായുസഞ്ചാരം, സുരക്ഷിതമായ പ്രവേശന-പുറത്തുകടക്കൽ വഴികൾ എന്നിവ ഉറപ്പാക്കണം. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം അഗ്നിശമന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ, അടിയന്തര ഒഴിപ്പിക്കൽ പ്ലാനുകൾ, പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാർ എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, അനുമതിയില്ലാതെ പടക്കങ്ങൾ, സ്ഫോടകവസ്തുക്കൾ, ദ്രാവക രൂപത്തിലുള്ള മറ്റ് അപകടകരമായ വസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും നിയമപരമായ വിലക്കുണ്ട്.
നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കനത്ത പിഴയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് 500 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ഈടാക്കാവുന്നതാണ്. ഒരു വർഷത്തിനുള്ളിൽ ഇതേ കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയായി (20 ലക്ഷം ദിർഹം വരെ) വർദ്ധിക്കും. ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും കൃത്യമായ സമയക്രമം പാലിക്കണമെന്നും പൊതുമുതലുകൾ നശിപ്പിക്കരുതെന്നും പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശമുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയുടെ എൻവയോൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസിക്കായിരിക്കും നിയമം നടപ്പിലാക്കുന്നതിനുള്ള മേൽനോട്ട ചുമതല.



Leave a Comment