ദോഹ: വേനൽ അവധി ആരംഭിച്ചതോടെ ഖത്തറിൽ നിന്നും നാട്ടിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുത്തനെ വർധിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ദീർഘകാല രോഗങ്ങളുള്ള (chronic diseases) യാത്രക്കാർക്കായി സുപ്രധാന ആരോഗ്യ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC).
പ്രമേഹം, രക്താതിമർദ്ദം (hypertension), ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി പ്രത്യേക മുൻകരുതലുകൾ എടുക്കണമെന്ന് എച്ച്എംസി ഓർമ്മിപ്പിക്കുന്നു.
പ്രാദേശിക മാധ്യമമായ ‘പെനിൻസുല’യുടെ റിപ്പോർട്ട് പ്രകാരം, യാത്ര തിരിക്കുന്നതിന് നാല് മുതൽ ആറ് ആഴ്ചകൾക്ക് മുൻപ് തന്നെ ഡോക്ടറെ കണ്ട് ആരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.
ദീർഘനേരമുള്ള വിമാനയാത്രകൾ, സമയ മേഖലകളിലെ മാറ്റം (time zone changes), നിർജലീകരണം (dehydration), ഭക്ഷണക്രമത്തിൽ വരുന്ന വ്യത്യാസങ്ങൾ, ജെറ്റ് ലാഗ് എന്നിവ സ്ഥിരമായി മരുന്ന് കഴിക്കുന്നവരെ സാരമായി ബാധിച്ചേക്കാം.
ഇത് രോഗനിയന്ത്രണം ബുദ്ധിമുട്ടിലാക്കാൻ സാധ്യതയുള്ളതിനാൽ മരുന്നുകളുടെ ഡോസേജ്, യാത്രാ വേളയിലെ ഫിറ്റ്നസ്, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്ലാൻ എന്നിവ ഡോക്ടറുമായി സംസാരിച്ച് മുൻകൂട്ടി തീരുമാനിക്കണം.
യാത്രയ്ക്ക് ആവശ്യമായതിലും കൂടുതൽ മരുന്നുകൾ കൈവശം വയ്ക്കാൻ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. വിമാനത്താവളങ്ങളിലെ പരിശോധനകൾ എളുപ്പമാക്കുന്നതിനായി മരുന്നുകൾ അവയുടെ ഒറിജിനൽ പാക്കിങ്ങിൽ തന്നെ ലേബൽ സഹിതം സൂക്ഷിക്കുക.
ഇതിന് പുറമെ ഡോക്ടർ നൽകിയ കുറിപ്പടിയുടെ പകർപ്പ് (prescription summary) അല്ലെങ്കിൽ മെഡിക്കൽ റിപ്പോർട്ട് എന്നിവ എപ്പോഴും ഹാൻഡ് ബാഗേജിൽ തന്നെ കരുതണം. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ മെഡിക്കൽ രേഖകളുടെ തർജ്ജമയും ഡോക്ടറുടെ പ്രത്യേക കത്തും കയ്യിൽ വെക്കുന്നത് വിദേശ രാജ്യങ്ങളിൽ എത്തുമ്പോൾ വലിയ തോതിൽ സഹായകമാകും.
യാത്ര ചെയ്യുമ്പോൾ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് (First-aid kit) കൂടെ കരുതേണ്ടതും പ്രധാനമാണ്. ബാൻഡേജുകൾ, ആന്റിസെപ്റ്റിക് ലോഷനുകൾ, വേദനസംഹാരികൾ എന്നിവയ്ക്ക് പുറമെ രോഗത്തിന് അനുസരിച്ചുള്ള പ്രത്യേക ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുത്തണം.
ഉദാഹരണത്തിന്, പ്രമേഹ രോഗികൾ ഗ്ലൂക്കോമീറ്ററും, ആസ്ത്മ ഉള്ളവർ ഇൻഹേലറും നിർബന്ധമായും എടുത്തിരിക്കണം.
നാം പോകുന്ന ലക്ഷ്യസ്ഥാനത്തെ പ്രാദേശിക ആരോഗ്യസൗകര്യങ്ങളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കുന്നത് അത്യാവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടും.
നിലവിലുള്ള അസുഖങ്ങൾക്ക് കൂടി പരിരക്ഷ ലഭിക്കുന്ന തരത്തിലുള്ള വിപുലമായ ട്രാവൽ ഇൻഷുറൻസ് (travel insurance) എടുക്കുന്നതും സുരക്ഷിതമായ യാത്രയ്ക്ക് അനിവാര്യമാണ്.
വേനൽ അവധിക്കായി നാട്ടിലേക്ക് പോകുന്ന പ്രായമായ മാതാപിതാക്കളും കുട്ടികളുമുള്ള പ്രവാസി കുടുംബങ്ങൾക്ക് എച്ച്എംസിയുടെ ഈ പുതിയ നിർദേശങ്ങൾ ഏറെ പ്രയോജനകരമാണ്.






