തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണം ജീവനക്കാരികളിൽ നിന്ന് കൈക്കലാക്കി വഞ്ചിച്ച കേസിൽ ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു.
വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ വെണ്ണിയൂർ സ്വദേശി അഞ്ജു (28) കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയിരുന്നു.
വൻ സ്വർണത്തട്ടിപ്പുമായി ബന്ധപ്പെട്ട് വെങ്ങാനൂർ പനങ്ങോട് സ്വദേശിനി സിന്ധുകുമാരിയെ (53) വിഴിഞ്ഞം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മച്ചേലിലുള്ള ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 30ന് വിഴിഞ്ഞത്തെ ഒരു കടയിൽ നിന്നും വാങ്ങിയ ഷാർജാ ഷെയ്ഖിൽ വിഷം കലർത്തി കുടിച്ചാണ് അഞ്ജുവും ഐശ്വര്യയും ജീവനൊടുക്കാൻ ശ്രമിച്ചത്.
സ്ഥാപനത്തിൽ ഇടപാടുകാർ പണയം വയ്ക്കുന്ന സ്വർണം കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയിൽ പണയം വെച്ച് തരാമെന്ന് വിശ്വസിപ്പിച്ചാണ് സിന്ധുകുമാരി ജീവനക്കാരികളിൽ നിന്ന് ആഭരണങ്ങൾ കൈക്കലാക്കിയത്.
ആദ്യ തവണ വാങ്ങിയ സ്വർണം കൃത്യമായി തിരികെ നൽകി വിശ്വാസ്യത പിടിച്ചുപറ്റിയ പ്രതി പിന്നീട് സ്വർണം തിരികെ നൽകിയില്ല. ഈ സ്വർണം കോവളത്തെ മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ വിൽക്കുകയായിരുന്നു പതിവെന്ന് പൊലീസ് പറയുന്നു.
അഞ്ജുവിൽ നിന്ന് 20 പവനും ഐശ്വര്യയിൽ നിന്ന് 50 പവനോളവും പ്രതി തട്ടിയെടുത്തിരുന്നു. ഇടപാടുകാർ സ്വർണം തിരികെ ചോദിച്ചു തുടങ്ങിയതോടെ ജീവനക്കാരികൾ വലിയ പ്രതിസന്ധിയിലായി.
തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ ഇവർ കടം വാങ്ങിയും മറ്റും പുതിയ സ്വർണം വാങ്ങി ഇടപാടുകാർക്ക് നൽകാൻ ശ്രമിച്ചു.
ഇതോടെ സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമാകുകയും, കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇരുവരും ആത്മഹത്യയിലേക്ക് നീങ്ങുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അഞ്ജുവും ഐശ്വര്യയും സിന്ധുകുമാരിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും സ്വർണം തിരികെ ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ വിറ്റുപോയെന്ന മറുപടിയാണ് ലഭിച്ചത്.
ജീവനൊടുക്കുന്നതിന് തൊട്ടുമുൻപായി തങ്ങളുടെ മരണത്തിന് കാരണം സിന്ധുകുമാരിയാണെന്ന് കാണിച്ച് ഇവർ അയച്ച സന്ദേശങ്ങളും ആത്മഹത്യാക്കുറിപ്പും കേസിൽ നിർണായകമായി.
അവശനിലയിൽ കണ്ടെത്തിയ ഇവരെ ഭക്ഷ്യവിഷബാധയാണെന്ന് കരുതി ആദ്യം സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പ്രതിയായ സിന്ധുകുമാരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കുകളും പൊലീസ് കണ്ടെടുത്തു.
സിന്ധുവിനെതിരെ ഇതിനോടകം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തോളം പരാതികളാണ് വിഴിഞ്ഞം സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തട്ടിപ്പ് പുറത്തായതോടെ സിന്ധു അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് മുങ്ങിയിരുന്നു. നാല് മാസത്തിന് ശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്.
ഇവരുടെ മകൻ രാഷ്ട്രപതിയുടെ പൈലറ്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭർത്താവ് റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനാണ്. സമാനമായ രീതിയിൽ വഞ്ചിക്കപ്പെട്ട നിരവധി പേർ സിന്ധുവിനെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
വിഴിഞ്ഞം എസ്എച്ച്ഒ വി. ഡി. റെജിരാജ്, എസ്ഐ കൃഷ്ണലാൽ, സിപിഒമാരായ റെജിൻ, ഷീലു എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.



Leave a Comment