ന്യൂഡൽഹി: ഇന്ത്യയിൽ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സേവനങ്ങൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
രാജ്യത്ത് നിരോധിച്ചിട്ടുള്ള വെബ്‌സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും പ്രവേശിക്കുന്നതിനായി വി.പി.എൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
ഇതിനായി നിലവിലെ ഐ.ടി നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം വി.പി.എൻ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് ഇന്ത്യയിൽ സ്വന്തമായി ഓഫീസ് ഉണ്ടായിരിക്കണം എന്നത് നിർബന്ധമാക്കും.
കൂടാതെ, സർക്കാരിൻ്റെയും അന്വേഷണ ഏജൻസികളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകാനും ആവശ്യമായ വിവരങ്ങൾ കൈമാറാനും ഉത്തരവാദിത്തമുള്ള ഒരു കംപ്ലയൻസ് ഓഫീസറെ നിയമിക്കണമെന്നും പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.
2021-ലെ ഐ.ടി നിയമങ്ങൾ പ്രകാരം വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണങ്ങളാണ് വി.പി.എൻ കമ്പനികൾക്കും ബാധകമാക്കാൻ പോകുന്നത്.
നിയമങ്ങൾ പാലിക്കാൻ തയ്യാറാകാത്ത കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് കേന്ദ്ര നീക്കം. ഇത്തരം സ്ഥാപനങ്ങളിലെ പ്രാദേശിക ജീവനക്കാർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്.
രാജ്യത്ത് നിലവിൽ ഇരുപത്തിനാലായിരത്തോളം വെബ്‌സൈറ്റുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ വി.പി.എൻ ഉപയോഗിച്ച് ഉപയോക്താക്കൾ തങ്ങളുടെ ഡിജിറ്റൽ ഐഡൻ്റിറ്റി മറച്ചുവെച്ച് ഈ വിലക്കുകൾ എളുപ്പത്തിൽ മറികടക്കുന്നത് സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
നേരത്തെ 2022-ൽ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) വി.പി.എൻ കമ്പനികൾക്കായി ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഉപഭോക്താക്കളുടെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ഐ.പി അഡ്രസ് തുടങ്ങിയ വിവരങ്ങൾ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സൂക്ഷിക്കണമെന്നായിരുന്നു പ്രധാന നിർദ്ദേശം.
എന്നാൽ ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ വി.പി.എൻ ദാതാക്കളായ എക്സ്പ്രസ് വി.പി.എൻ (ExpressVPN), നോർഡ് വി.പി.എൻ (NordVPN) തുടങ്ങിയ കമ്പനികൾ തങ്ങളുടെ സെർവറുകൾ ഇന്ത്യയിൽ നിന്നും പിൻവലിച്ചിരുന്നു.
സിംഗപ്പൂർ പോലെയുള്ള രാജ്യങ്ങളിലെ സെർവറുകൾ വഴിയാണ് ഇവർ ഇപ്പോൾ ഇന്ത്യക്കാർക്ക് സേവനം നൽകുന്നത്.
ഈ സാഹചര്യത്തിലാണ് പഴുതുകൾ അടച്ചുകൊണ്ടുള്ള പുതിയ നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിരോധിച്ച വെബ്‌സൈറ്റുകളിൽ പ്രവേശിക്കുന്നതിനൊപ്പം ഡിജിറ്റൽ സ്വകാര്യത ഉറപ്പാക്കാനും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിനും നിരവധിയാളുകൾ വി.പി.എൻ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഓൺലൈൻ തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, സൈബർ ആക്രമണങ്ങൾ എന്നിവ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രം വിലയിരുത്തുന്നു.
വ്യക്തിവിവരങ്ങൾ ചോർത്തപ്പെടാതെ സുരക്ഷിതമായി ഇൻ്റർനെറ്റ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും പുതിയ നിയമങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇതിനാൽ തന്നെ ഈ പുതിയ ഐ.ടി ഭേദഗതികൾ ഏറെ ശ്രദ്ധയോടെയാണ് ഡിജിറ്റൽ ലോകം നോക്കിക്കാണുന്നത്.



Leave a Comment