അബുദാബി: യുഎഇയിലെ (UAE) പ്രവാസി ഇന്ത്യക്കാർ ശ്രദ്ധിക്കുക; പാസ്‌പോർട്ട്, വിസ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ (Attestation) തുടങ്ങിയ സേവനങ്ങൾ 5 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെക്കുന്നു.
ജൂൺ 26 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് ഈ സേവനങ്ങൾ ലഭ്യമാകാത്തതെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യുഎഇയിലുടനീളം ഈ സേവനങ്ങൾ നൽകുന്ന ഏജൻസി മാറുന്നതിനാലാണ് ഈ ദിവസങ്ങളിൽ പ്രവർത്തനം നിർത്തിവെക്കുന്നത്.
നിലവിൽ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ബിഎൽഎസ് ഇൻ്റർനാഷണൽ (BLS International), എസ്ജിഐവിഎസ് ഗ്ലോബൽ (SGIVS Global) എന്നീ ഏജൻസികൾ ജൂൺ 25-ന് ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കില്ല.
പകരം ജൂലൈ 1 മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് (Al Hind Tours and Travel LLC) എന്ന പുതിയ ഏജൻസിയായിരിക്കും യുഎഇയിൽ ഈ സേവനങ്ങളെല്ലാം പൂർണ്ണമായും കൈകാര്യം ചെയ്യുക. മുപ്പത്തിയഞ്ച് ലക്ഷത്തിലധികം വരുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഈ മാറ്റം ബാധകമാണ്.
പുതിയ സേവനദാതാക്കളിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ജൂൺ 26 മുതൽ 30 വരെ സാധാരണ അപ്പോയിൻ്റുമെൻ്റുകൾ നിർത്തിവെക്കുന്നത്.
ഈ ദിവസങ്ങളിൽ പുതിയ അപേക്ഷകൾ നൽകാനോ പാസ്‌പോർട്ട് പുതുക്കാനോ സാധിക്കില്ല. എന്നാൽ ജൂൺ 25-ന് മുൻപായി നൽകിയിട്ടുള്ള അപേക്ഷകൾ നിലവിലെ സർവീസ് സെൻ്ററുകൾ വഴി തന്നെ പൂർത്തിയാക്കുന്നതായിരിക്കും.
അടിയന്തര സേവനങ്ങൾ ലഭിക്കും
സാധാരണ അപ്പോയിൻ്റ്മെൻ്റുകൾ നിർത്തിവെക്കുമെങ്കിലും ഈ അഞ്ച് ദിവസങ്ങളിൽ അടിയന്തര സേവനങ്ങൾ (Emergency services) മുടങ്ങില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളുള്ളവർക്ക് അബുദാബിയിലെ ഇന്ത്യൻ എംബസിയുമായോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായോ നേരിട്ട് ബന്ധപ്പെടാം. ഇതിനായി താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്:
- ടോൾ ഫ്രീ നമ്പർ: 800 46342
- വാട്ട്‌സ്ആപ്പ് (WhatsApp): +971 54 309 0571
- ഇമെയിൽ: pbsk.dubai@mea.gov.in
ജൂലൈ 1 മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ പുതിയ ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് പോർട്ടൽ പ്രവർത്തനസജ്ജമാകും. യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി 16 പുതിയ കോൺസുലാർ സർവീസ് സെൻ്ററുകളാണ് അൽ ഹിന്ദ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്.
അബുദാബിയിൽ ആറ്, ദുബായിൽ രണ്ട്, ഷാർജയിൽ രണ്ട്, എന്നിങ്ങനെയായിരിക്കും പുതിയ സെൻ്ററുകൾ പ്രവർത്തിക്കുക. പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിൻ്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ മാത്രം ആശ്രയിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.



Leave a Comment