ന്യൂഡൽഹി: കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച പാസ്സ്പോർട്ട് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
2012-ന് ശേഷം ആദ്യമായാണ് രാജ്യത്തും വിദേശത്തുമുള്ള പാസ്‌പോർട്ട് നിരക്കുകളിൽ ഇത്രയും സമഗ്രമായ മാറ്റം വരുത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ പാസ്പോർട്ട് നിയമ ഭേദഗതി (Passports Amendment Rules 2026) പ്രകാരമാണ് ഈ നിരക്ക് വർധനവ്.
പുതിയ ആഗോള നിരക്കുകൾ പ്രകാരം, വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന മുതിർന്നവർക്കുള്ള സാധാരണ പാസ്‌പോർട്ടിന്റെ (36 പേജ്) ഫീസ് 125 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്.
ഇതേ കാറ്റഗറിയിൽ വേഗത്തിൽ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള തത്കാൽ സേവനത്തിന് ഇനിമുതൽ 250 ഡോളർ നൽകേണ്ടി വരും.
കൂടുതൽ പേജുകളുള്ള പാസ്പോർട്ട് ആവശ്യമുള്ളവർക്കായി നൽകുന്ന 60 പേജുള്ള ജംബോ പാസ്‌പോർട്ടിന് 175 ഡോളറും, ഇതിന്റെ തത്കാൽ സേവനത്തിന് 300 ഡോളറുമാണ് പുതിയ വിദേശ നിരക്ക്.
കുട്ടികളുടെ പാസ്‌പോർട്ട് നിരക്കുകളിലും കാര്യമായ വർധനവുണ്ട്. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ടിന് 90 ഡോളറും, തത്കാലിന് 215 ഡോളറുമാണ് പുതിയ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.
വിസ ആവശ്യങ്ങൾക്കും മറ്റും പ്രവാസികൾക്ക് ഏറ്റവും കൂടുതലായി വേണ്ടി വരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഇനി മുതൽ 40 ഡോളർ നൽകണം. എന്നാൽ എമർജൻസി സർട്ടിഫിക്കറ്റുകളുടെ നിരക്ക് നിലവിലുള്ള 15 ഡോളറായി തന്നെ തുടരും.
വിദേശ രാജ്യങ്ങളിൽ മാത്രമല്ല, ഇന്ത്യയിലെ ആഭ്യന്തര പാസ്പോർട്ട് അപേക്ഷകർക്കും ഈ വർധനവ് വലിയ സാമ്പത്തിക ബാധ്യതയാകും.
ഇന്ത്യയിൽ 36 പേജുള്ള സാധാരണ പാസ്പോർട്ടിന് ഇതുവരെ 1500 രൂപയായിരുന്നു നിരക്ക്.
പുതിയ ഭേദഗതി പ്രകാരം ഇത് 2500 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. പ്രവാസി കുടുംബങ്ങളെയും വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന സാധാരണക്കാരെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ പുതിയ നിരക്ക് വർധനവ്.



Leave a Comment