കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ മേഖലയിൽ യുഎസ് നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം. ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യാഴാഴ്ച പുലർച്ചെയാണ് തിരിച്ചടി ആരംഭിച്ചത്. ഇതോടെ കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകരുകയും മിഡിൽ ഈസ്റ്റ് വീണ്ടും കടുത്ത യുദ്ധഭീതിയിലാവുകയും ചെയ്തു.
യുഎസ് താവളങ്ങളും ഹോർമുസ് കടലിടുക്കും ലക്ഷ്യമിട്ടു
ബഹ്‌റൈനിലെ ഷെയ്ഖ് ഈസ എയർ ബേസ്, കുവൈറ്റിലെ അലി അൽ സലേം, അഹമ്മദ് അൽ ജാബർ എന്നീ യുഎസ് വ്യോമസേനാ താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. കൂടാതെ ജോർദാനിലെ അൽ-അസ്റഖ് യുഎസ് കമാൻഡ് സെൻ്റർ ലക്ഷ്യമിട്ട് 12 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇതിനൊപ്പം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തങ്ങൾ അടച്ചതായും ഇതിലൂടെ നിയമവിരുദ്ധമായി കടന്നുപോകാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകൾ ആക്രമിച്ചതായും ഇറാൻ സൈന്യം പ്രഖ്യാപിച്ചു.
അതേസമയം, ഇറാൻ്റെ മിസൈലുകളെ ആകാശത്ത് വച്ച് തന്നെ നിർവീര്യമാക്കിയതായി കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചു. കുവൈറ്റ് തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടയ്ക്കുകയും വിമാനങ്ങൾ തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലും ആക്രമണത്തെ തുടർന്ന് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ്റെ എയർ ഡിഫൻസ്, റഡാർ സംവിധാനങ്ങൾക്ക് നേരെ നടത്തിയ ബോംബാക്രമണത്തിനാണ് ഇറാൻ ഇപ്പോൾ തിരിച്ചടി നൽകിയിരിക്കുന്നത്.
പ്രവാസി കുടുംബങ്ങൾക്ക് മുന്നറിയിപ്പ്
ഗൾഫ് മേഖല നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നത് പശ്ചിമേഷ്യയിലെ ഇന്ത്യൻ പ്രവാസികളെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികൾ അടയ്ക്കുന്നതും നിയന്ത്രിക്കുന്നതും കാരണം വേനലവധിക്ക് നാട്ടിലേക്ക് പോകാനിരിക്കുന്ന പ്രവാസി മലയാളികളുടെ യാത്രകളെ ഇത് ഗുരുതരമായി ബാധിക്കും.
ഗൾഫ് യാത്രക്കാർ അതത് രാജ്യങ്ങളിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിൻ്റേയും എയർലൈനുകളുടെയും അറിയിപ്പുകൾ നിരന്തരം പരിശോധിക്കുക. വിമാന സർവീസുകൾ റദ്ദാക്കാനോ റൂട്ടുകൾ മാറാനോ സാധ്യതയുള്ളതിനാൽ യാത്രക്ക് മുൻപ് എയർലൈൻസുമായി ബന്ധപ്പെടുക. വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ എംബസികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം.



Leave a Comment