ദുബായ്/ദോഹ: മിഡിൽ ഈസ്റ്റിൽ പെട്ടെന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങളെ തുടർന്ന് ഗൾഫ് മേഖലയിലെ പ്രമുഖ വിമാനത്താവളങ്ങളിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ദുബായ്, ദോഹ, അബുദാബി എന്നീ പ്രധാന കണക്റ്റിങ് ഹബുകളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. എമിറേറ്റ്സ്, ഖത്തർ എയർവേസ്, ഇത്തിഹാദ് തുടങ്ങിയ പ്രമുഖ ഗൾഫ് എയർലൈനുകളുടെ സർവീസുകൾ തടസ്സപ്പെട്ടതോടെ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ലക്ഷക്കണക്കിന് യാത്രക്കാരുടെ കണക്റ്റിങ് സർവീസുകൾ താളംതെറ്റി.
വ്യോമപാത ഭാഗികമായി അടച്ചതോടെ എമിറേറ്റ്സ് തങ്ങളുടെ ഭൂരിഭാഗം സർവീസുകളും ചുരുക്കിയ ഷെഡ്യൂളിലാണ് നിലവിൽ ഓപ്പറേറ്റ് ചെയ്യുന്നത്. ഖത്തർ എയർവേസ് നിയന്ത്രിത എയർ കോറിഡോറിലൂടെ പരിമിതമായ സർവീസുകൾ മാത്രമാണ് നടത്തുന്നത്. ഇത്തിഹാദും തങ്ങളുടെ സർവീസുകളിൽ വലിയ വെട്ടിക്കുറയ്ക്കലുകൾ വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ ലുഫ്താൻസ, ബ്രിട്ടീഷ് എയർവേസ്, എയർ ഇന്ത്യ തുടങ്ങിയ വിദേശ എയർലൈനുകളും ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്. ലുഫ്താൻസ ഗ്രൂപ്പ് സെപ്റ്റംബർ വരെയുള്ള ദുബായ് സർവീസുകൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്.
പെരുന്നാൾ അവധിക്കാലത്ത് നാട്ടിലേക്ക് പോകാനും തിരികെ വരാനും ഇരുന്ന ഒട്ടനവധി പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. കൺഫേം ചെയ്ത ടിക്കറ്റുകൾ ഇല്ലാത്തവർ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് എയർലൈനുകൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കണക്റ്റിങ് ഫ്ലൈറ്റുകൾ ഉള്ള യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെട്ട് സർവീസുകളുടെ കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.



Leave a Comment