ദോഹ: ഈദ് അൽ അദ്ഹ ആഘോഷങ്ങളോടനുബന്ധിച്ച് മാംസത്തിന്റെ ഗുണനിലവാരവും പൊതുജനാരോഗ്യവും ഉറപ്പാക്കാൻ രാജ്യത്തുടനീളമുള്ള അബട്ടോറുകളിൽ (കശാപ്പുശാലകൾ) കർശന പരിശോധനയുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. മെയ് 29 വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 12 ഔദ്യോഗിക അബട്ടോറുകളിലായി ആകെ 14,584 കന്നുകാലികളെയാണ് മന്ത്രാലയത്തിലെ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈദ് തിരക്കിൽ വിപണിയിൽ മാംസത്തിന്റെ ഉപഭോഗം വൻതോതിൽ വർദ്ധിച്ച പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യം മുൻനിർത്തിയുള്ള ഈ അടിയന്തര നടപടി.
ഉം സലാൽ മേഖലയിലെ മൂന്ന് കശാപ്പുശാലകളിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്. ഇവിടെ മാത്രം 8,224 മൃഗങ്ങളെ പരിശോധിച്ചു. അൽ വക്രയിലെ പ്രധാന കശാപ്പുശാലയിൽ 4,038 കന്നുകാലികളെയും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് പുറമെ അൽ റയ്യാൻ, അൽ ഷമാൽ, അൽ ശഹാനിയ, അൽ ഖോർ, അൽ ദഖിറ തുടങ്ങിയ പ്രദേശങ്ങളിലെ അബട്ടോറുകളിലും മന്ത്രാലയത്തിന്റെ പ്രത്യേക സ്ക്വാഡുകൾ വിപുലമായ പരിശോധനകൾ പൂർത്തിയാക്കി. ഹലാൽ മാനദണ്ഡങ്ങളും മാംസം കൈകാര്യം ചെയ്യുന്നതിലെ ശുചിത്വവും ഉറപ്പാക്കിയ ശേഷമാണ് ഇവ വിപണിയിലേക്ക് എത്തിക്കാൻ അനുമതി നൽകിയത്.
മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ഖത്തറിൽ, കുടുംബങ്ങളുടെ ദൈനംദിന ആരോഗ്യ സുരക്ഷയ്ക്കും റസ്റ്റോറന്റ്-കാറ്ററിംഗ് മേഖലയ്ക്കും ഏറെ നിർണ്ണായകമാണ് മന്ത്രാലയത്തിന്റെ ഈ ഇടപെടൽ. ഈദ് സീസണിൽ യാതൊരു കാരണവശാലും ലൈസൻസില്ലാത്ത താൽക്കാലിക കശാപ്പുകാരുടെ സേവനം തേടരുതെന്നും, രോഗബാധകളില്ലാത്ത മാംസം ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ അംഗീകൃത അബട്ടോറുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിപണിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.



Leave a Comment