മസ്‌കത്ത്: ഒമാനിലെ തൊഴിൽ വിപണി കൂടുതൽ ശക്തമാക്കുന്നതിൻ്റെയും പ്രഫഷനൽ നിലവാരം ഉയർത്തുന്നതിൻ്റെയും ഭാഗമായി ഊർജ, ഖനന മേഖലകളിൽ (Energy and Mining Sector) പ്രഫഷനൽ ലൈസൻസിങ് നിർബന്ധമാക്കുന്നു. ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച ഈ പുതിയ പരിഷ്കാരം 2026 ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. നിശ്ചിത സമയപരിധിക്കുള്ളിൽ ലൈസൻസ് സ്വന്തമാക്കാത്ത സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമെതിരെ കർശനമായ നിയന്ത്രണങ്ങളും പിഴയും ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പുതിയ നിയമപ്രകാരം, മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ ജീവനക്കാർക്ക് സാധുതയുള്ള പ്രഫഷനൽ ലൈസൻസ് ഇല്ലെങ്കിൽ അവരുടെ വർക്ക് പെർമിറ്റുകൾ (വിസ) പുതുക്കി നൽകില്ല. കൂടാതെ, ഒമാനിലേക്ക് പുതുതായി എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടിയുള്ള ലൈസൻസിങ് അംഗീകാരമില്ലാതെ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എനർജി ആൻഡ് മിനറൽസ് സെക്ടറിനായുള്ള സെക്ടർ സ്കിൽസ് യൂണിറ്റിനെ പ്രതിനിധീകരിക്കുന്ന ഒമാൻ എനർജി അസോസിയേഷനുമായി (OPAL) ഏകോപിപ്പിച്ചാണ് ഈ നടപടികൾ നടപ്പിലാക്കുന്നത്.
പെട്രോളിയം, ഗ്യാസ്, ഖനന മേഖലകളിലെ എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾ മുതൽ ടെക്നിക്കൽ, ഓപ്പറേഷണൽ തസ്തികകളിൽ ജോലി ചെയ്യുന്ന നിരവധിയായ മലയാളി പ്രവാസികളെ ഈ തീരുമാനം നേരിട്ട് ബാധിക്കും. നിലവിൽ ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ പദവികൾ നിയമവിധേയമാക്കാനും, യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് ലൈസൻസ് സ്വന്തമാക്കാനും ജൂൺ ഒന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനാൽ കമ്പനികളും ജീവനക്കാരും അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എത്രയും വേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
തൊഴിൽ വിപണിയിലെ സുതാര്യത ഉറപ്പാക്കാനും വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ തടയാനും ഈ കർശനമായ ലൈസൻസിങ് പ്രക്രിയയിലൂടെ സാധിക്കുമെന്നാണ് ഒമാൻ ഭരണകൂടം വിലയിരുത്തുന്നത്. നിയമ ലംഘനങ്ങൾ നടത്തുന്ന കമ്പനികൾക്ക് ഭാവിയിൽ പുതിയ വിസകൾ അനുവദിക്കുന്നതിനടക്കം ലേബർ മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം.



Leave a Comment