ദോഹ: ഈദ് അൽ അദ്ഹ അവധിക്കാലത്ത് ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) കേന്ദ്രങ്ങൾ വഴി ചികിത്സ തേടിയത് 18,700-ലധികം പേർ. റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിച്ച 21 ഹെൽത്ത് സെന്ററുകൾ വഴി ഫാമിലി മെഡിസിൻ, ഡെന്റൽ, അർജന്റ് കെയർ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയുടെ തടസ്സമില്ലാത്ത സേവനം പൊതുജനങ്ങൾക്കായി ലഭ്യമാക്കിയതായി പി.എച്ച്.സി.സി അറിയിച്ചു. പ്രവാസി കുടുംബങ്ങൾക്കും തൊഴിലാളികൾക്കും അവധിക്കാലത്തും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഈ സംവിധാനത്തിലൂടെ സാധിച്ചു.
ഹെൽത്ത് സെന്ററുകളിലെ ഫാമിലി മെഡിസിൻ ക്ലിനിക്കുകളിൽ 7,255 രോഗികളും ജനറൽ ഡെന്റൽ ക്ലിനിക്കുകളിൽ 888 പേരും ചികിത്സ തേടി. 15 ഹെൽത്ത് സെന്ററുകളിലായി പ്രവർത്തിച്ച അർജന്റ് കെയർ യൂണിറ്റുകൾ 8,566 അടിയന്തര കേസുകളാണ് കൈകാര്യം ചെയ്തത്. ഇതിന് പുറമെ ഒഫ്താൽമോളജി, ഇ.എൻ.ടി, ഡെർമറ്റോളജി, ഒപ്‌റ്റോമെട്രി, മെന്റൽ ഹെൽത്ത്, ഫിസിയോതെറാപ്പി, പ്രീമാരിറ്റൽ സ്ക്രീനിംഗ് തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങളും അവധിക്കാലത്ത് സജീവമായിരുന്നു.
ആരോഗ്യ മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി 16000 കമ്മ്യൂണിറ്റി കോൾ സെന്റർ മുഖേന 1,032 വെർച്വൽ മെഡിക്കൽ കൺസൾട്ടേഷനുകളും ഈ ദിവസങ്ങളിൽ വിജയകരമായി പൂർത്തിയാക്കി. മുൻകൂർ അപ്പോയിന്റ്മെന്റില്ലാതെ വിളിച്ച രോഗികൾക്ക് വീഡിയോ, വോയ്‌സ് കോളുകൾ വഴി ഡോക്ടർമാർ കൃത്യമായ മെഡിക്കൽ നിർദ്ദേശങ്ങളും മരുന്നുകളും ലഭ്യമാക്കി. പെരുന്നാൾ അവധിക്കാലത്ത് സർക്കാർ സേവനങ്ങൾ ലഭ്യമാകുമോ എന്ന് ആശങ്കപ്പെടുന്ന പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് പി.എച്ച്.സി.സിയുടെ ഈ കൃത്യതയാർന്ന പ്രവർത്തനങ്ങൾ നൽകുന്നത്.



Leave a Comment