ദോഹ: വേനൽ അവധിക്കാലം ആരംഭിച്ചതോടെ ഖത്തറിലേക്കും നാട്ടിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രവാസികളും കുടുംബങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.
കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധം
ഖത്തറിലേക്കുള്ള യാത്രയിൽ കൈവശമുള്ള പണം, സ്വർണ്ണം, വിലപിടിപ്പുള്ള ആഭരണങ്ങൾ എന്നിവയുടെ മൂല്യം 50,000 ഖത്തർ റിയാലിന് (QR 50,000) മുകളിലാണെങ്കിൽ വിമാനത്താവളത്തിൽ ഡിക്ലറേഷൻ നിർബന്ധമാണ്. എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ അബ്ദുള്ള ഷഹീൻ മുഹമ്മദ് അൽ റുമൈഹിയാണ് യാത്രക്കാരെ ഇക്കാര്യം ഓർമ്മിപ്പിച്ചത്. ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിൻ്റെ (General Authority of Customs) കീഴിലുള്ള ഡിക്ലറേഷൻ സംവിധാനമാണ് യാത്രക്കാർ ഇതിനായി ഉപയോഗിക്കേണ്ടത്.
ദ്രാവകങ്ങൾ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കുക
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ദ്രാവകങ്ങൾ കൊണ്ടുപോകുന്നതിനും വിമാനത്താവളത്തിൽ പ്രത്യേക നിയന്ത്രണങ്ങളുണ്ട്.
- ഹാൻഡ് ലഗേജിൽ 100 ml-ൽ കൂടുതൽ കൊള്ളുന്ന ബോട്ടിലുകൾ അനുവദിക്കില്ല.
- മൊത്തത്തിൽ പരമാവധി ഒരു ലിറ്റർ വരെ ദ്രാവകങ്ങൾ മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ.
- കൂടാതെ ഓരോ 100 ml ബോട്ടിലുകളും എളുപ്പത്തിൽ തുറക്കാനും അടക്കാനും സാധിക്കുന്ന സുതാര്യമായ പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിക്കേണ്ടതാണ്.
സുരക്ഷാ പരിശോധനയും ബാഗേജ് നിയമങ്ങളും
സുരക്ഷാ പരിശോധനാ സമയത്തോ എയർലൈൻ കൗണ്ടറിലോ ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തമാശയായി പോലും തെറ്റായ മറുപടികൾ നൽകരുത് എന്ന് ഉദ്യോഗസ്ഥർ കർശന മുന്നറിയിപ്പ് നൽകുന്നു. നിരോധിത വസ്തുക്കളോ സ്‌ഫോടകവസ്തുക്കളോ കൈവശമുണ്ടോ എന്ന ചോദ്യത്തിന് തമാശയായി അതെ എന്ന് മറുപടി നൽകിയാൽ നിങ്ങളുടെ യാത്ര റദ്ദാക്കുന്നതിനും നിയമനടപടികൾ നേരിടുന്നതിനും അത് കാരണമാകും.
സ്വന്തം ബാഗുകൾ സ്വയം പാക്ക് ചെയ്യാനും, ഉള്ളിലെന്താണെന്ന് കൃത്യമായി അറിയാത്ത മറ്റുള്ളവരുടെ ബാഗുകൾ ഏറ്റെടുക്കാതിരിക്കാനും യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. യാത്രയ്ക്ക് ആവശ്യമായ ടിക്കറ്റുകളും മറ്റ് രേഖകളും മുൻകൂട്ടി തയ്യാറാക്കി വെക്കേണ്ടതും അത്യാവശ്യമാണ്. അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഈ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.



Leave a Comment