ദോഹ: ഖത്തറിലെ തൊഴിൽ വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കി പുതിയ തൊഴിൽ നിയമ ഭേദഗതികൾ പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനുമായി 2026 ലെ 9-ാം നമ്പർ തൊഴിൽ നിയമത്തിലാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സുപ്രധാന ഭേദഗതികൾ വരുത്തിയത്.
ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായാണ് തൊഴിൽ മന്ത്രാലയം ഈ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
പാർട്ട് ടൈം, ഫ്രീലാൻസ് ജോലികൾക്ക് കൂടുതൽ നിയമപരിരക്ഷ നൽകുന്നു എന്നതാണ് പുതിയ ഭേദഗതിയിലെ ഏറ്റവും വലിയ പ്രത്യേകത.
പുതിയ സാങ്കേതികവിദ്യകളുടെ പശ്ചാത്തലത്തിലുള്ള പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള (Platform-based) ജോലികൾക്കും ഇത് ബാധകമാകും.
ഇതിലൂടെ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് കൂടുതൽ മികച്ച ജീവനക്കാരെ എളുപ്പത്തിൽ കണ്ടെത്താനും, തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കാനും സാധിക്കും.
റിക്രൂട്ട്മെൻ്റ് ഏജൻസികളുടെ പ്രവർത്തനങ്ങളിലും പുതിയ നിയമം കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. ലൈസൻസിങ് നടപടികൾ, പ്രവർത്തന മാനദണ്ഡങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കും.
നിയമലംഘനങ്ങൾ നടത്തുന്ന റിക്രൂട്ട്മെൻ്റ് ഓഫീസുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. നോൺ-കോംപീറ്റ് ക്ലോസുകളിൽ (Non-compete clauses) വ്യക്തത വരുത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.
തൊഴിലാളികളുടെ പ്രൊഫഷണൽ വളർച്ച തടസ്സപ്പെടുത്താതിരിക്കാനും, അതേസമയം തൊഴിലുടമകളുടെ ബിസിനസ്സ് വിവരങ്ങളും രഹസ്യങ്ങളും സംരക്ഷിക്കാനും പുതിയ നിയമം സഹായിക്കും.
തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഡിജിറ്റൽ സംവിധാനങ്ങളുടെ (Digital platforms) ഉപയോഗം വർദ്ധിപ്പിക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നു.
മീഡിയേഷൻ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിലൂടെ ലേബർ ഡിസ്പ്യൂട്ട് കമ്മിറ്റികൾക്ക് അതിവേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും.
നൂറോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളിൽ തൊഴിലുടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികൾ അടങ്ങുന്ന ജോയിൻ്റ് കമ്മിറ്റികൾ രൂപീകരിക്കണം. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായിക്കും.
കൂടാതെ, രാജ്യത്തെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി ചില പ്രത്യേക തൊഴിലുകൾക്ക് പ്രൊഫഷണൽ സർട്ടിഫിക്കേഷനും ടെസ്റ്റിംഗും പുതിയ നിയമം നിർബന്ധമാക്കുന്നുണ്ട്.
വേതന സംരക്ഷണ നിയമം (Wage protection measures) കൂടുതൽ ശക്തമാക്കാനും ഖത്തർ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
നിയമം ലംഘിക്കുന്ന കമ്പനികളുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനും, ഇത്തരം സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്താനും തൊഴിൽ മന്ത്രാലയത്തിന് പുതിയ ഭേദഗതിയിലൂടെ അധികാരമുണ്ടാകും.
പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ തൊഴിലാളികൾക്കും വലിയ രീതിയിൽ ഗുണം ചെയ്യുന്നതാണ് ഖത്തർ സർക്കാരിൻ്റെ ഈ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾ.



Leave a Comment