ദോഹ: ഖത്തറും ഇറാനും തമ്മിലുള്ള പ്രധാന കടൽവ്യാപാര പാത അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി.
ഇറാൻ്റെ ഒഫീഷ്യൽ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ്റെ അറിയിപ്പ് പ്രകാരം, ഇറാനിലെ ഡെയർ (Dayyer) തുറമുഖത്ത് നിന്ന് ഖത്തറിലെ അൽ റുവൈസ് (Al Ruwais) തുറമുഖത്തേക്കുള്ള ചരക്ക് ഗതാഗതമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
ഖത്തറിലെ ഇറാൻ്റെ കൊമേഴ്സ്യൽ അറ്റാഷെ അബ്ബാസ് അബ്ദുൽഖാനിയാണ് വ്യാപാര പാത തുറന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഖത്തറിലെ ഇറാൻ എംബസി അധികൃതരും ഖത്തർ സർക്കാരും തമ്മിൽ നടത്തിയ തുടർച്ചയായ ചർച്ചകൾക്കും ഏകോപനങ്ങൾക്കും ഒടുവിലാണ് അൽ റുവൈസ് തുറമുഖം വഴി വീണ്ടും ഇറാനിയൻ ചരക്കുകൾ സ്വീകരിക്കാൻ രാജ്യം അനുമതി നൽകിയത്.
ഖത്തർ വിപണിയിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ വൻതോതിൽ എത്തുന്ന പാതയാണിത്.
പഴങ്ങൾ, പച്ചക്കറികൾ, ഡ്രൈ ഫ്രൂട്ട്സ്, മറ്റ് ഭക്ഷ്യവസ്തുക്കൾ, സമുദ്രോൽപ്പന്നങ്ങൾ, മുട്ട ഉൾപ്പെടെയുള്ള പ്രോട്ടീൻ ഉൽപ്പന്നങ്ങൾ എന്നിവ ഈ റൂട്ട് വഴി ഖത്തറിലേക്ക് എത്താറുണ്ട്.
ഇതിന് പുറമെ കൺസ്ട്രക്ഷൻ മേഖലയ്ക്ക് ആവശ്യമായ വൈറ്റ് സിമൻ്റ്, ബിൽഡിംഗ് മെറ്റീരിയലുകൾ, മിനറൽ പ്രൊഡക്റ്റുകൾ, പരവതാനികൾ എന്നിവയും ഈ ചരക്കുനീക്കത്തിൻ്റെ ഭാഗമാണ്.
വ്യാപാരികൾക്കും സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ് ഈ പുതിയ തീരുമാനം. ഖത്തറിലെ വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വർദ്ധിപ്പിക്കാനും, ഇറക്കുമതി ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിച്ചു നിർത്താനും സപ്ലൈ ചെയിനിലെ ഈ പുരോഗതി സഹായിക്കും.
പ്രത്യേകിച്ച് വടക്കൻ ഖത്തറിലെ പോർട്ട് കേന്ദ്രീകരിച്ചുള്ള വ്യാപാര മേഖലയ്ക്ക് ഇത് പുതിയ ഉണർവ് നൽകും. എങ്കിലും, ഹോർമുസ് കടലിടുക്കിലെ ഗതാഗത സുരക്ഷയും മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരും ദിവസങ്ങളിലെ ചരക്കുനീക്കത്തെ സ്വാധീനിച്ചേക്കാമെന്നാണ് നിരീക്ഷണം.






