ദോഹ: ഖത്തറിലെ തൊഴിൽ നിയമങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ പ്രവാസി ജീവനക്കാർക്കും കമ്പനികൾക്കും നിർണായകമാകുന്നു.
2024-ലെ 14-ാം നമ്പർ തൊഴിൽ നിയമത്തിലെ ചില വ്യവസ്ഥകൾ പരിഷ്കരിച്ചുകൊണ്ട് പ്രാബല്യത്തിൽ വന്ന ‘ലേബർ ലോ നമ്പർ 9 ഓഫ് 2026’ (Labour Law No. 9 of 2026) പ്രകാരമുള്ള പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഖത്തറിലെ തൊഴിൽ വിപണിയെ കൂടുതൽ സുതാര്യവും ആഗോളതലത്തിൽ മത്സരക്ഷമവുമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരങ്ങൾ.
പുതിയ ഭേദഗതികൾ അനുസരിച്ച്, വിപണിയിൽ നിർബന്ധിത പ്രൊഫഷണൽ യോഗ്യതകൾക്ക് (Mandatory Professional Qualifications) വലിയ പ്രാധാന്യമാണ് നൽകുന്നത്.
ചില പ്രത്യേക സാങ്കേതിക, നൈപുണ്യ തൊഴിലുകളിൽ (Technical and Skilled Occupations) ഏർപ്പെട്ടിരിക്കുന്നവർക്ക് കേവലം അക്കാദമിക് സർട്ടിഫിക്കറ്റുകൾ മാത്രം ഇനി മതിയാകില്ല. ജോലി ചെയ്യുന്ന മേഖലയിലെ പ്രായോഗിക പരിശീലന സർട്ടിഫിക്കറ്റ്, പ്രത്യേക പ്രൊഫഷണൽ പരീക്ഷകൾ, നൈപുണ്യ തെളിവുകൾ (Competency Proof) എന്നിവ നിർബന്ധമാക്കാനാണ് പുതിയ നീക്കം.
തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാനും പ്രൊജക്ടുകളുടെ ഗുണനിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പാർട്ട് ടൈം ജോലികൾ, ഫ്രീലാൻസ് ജോലികൾ തുടങ്ങിയ ആധുനിക തൊഴിൽ രീതികൾക്ക് വ്യക്തമായ നിയമപരമായ ചട്ടക്കൂട് നിർമ്മിക്കുന്നു എന്നതാണ് ഈ ഭേദഗതിയുടെ മറ്റൊരു പ്രത്യേകത.
ഇതിന് പുറമെ, റിക്രൂട്ട്മെൻ്റ് ഏജൻസികളുടെ മേൽനോട്ടം കർശനമാക്കൽ, തൊഴിൽ തർക്കങ്ങൾ (Labour Disputes) അതിവേഗം പരിഹരിക്കാനുള്ള സംവിധാനങ്ങൾ, മുൻ തൊഴിലുടമയുമായി ബന്ധപ്പെട്ട നോൺ-കോമ്പീറ്റ് ക്ലോസുകളിലെ (Non-compete Clauses) കൂടുതൽ വ്യക്തത എന്നിവയും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
മറ്റൊരു പ്രധാന നിർദ്ദേശം, നൂറോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ മാനേജ്‌മെൻ്റിനും ജീവനക്കാർക്കും തുല്യ പങ്കാളിത്തമുള്ള ജോയിൻ്റ് കമ്മിറ്റികൾ (Joint Committees) രൂപീകരിക്കണം എന്നതാണ്.
ഇത് തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ പരസ്പര ചർച്ചകളിലൂടെ പരിഹരിക്കാൻ സഹായിക്കും.
ഖത്തറിലെ കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ്, ഫെസിലിറ്റി മാനേജ്‌മെൻ്റ്, ടെക്നിക്കൽ സർവീസസ് തുടങ്ങിയ മേഖലകളിൽ ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളും പ്രൊഫഷണലുകളും ജോലി ചെയ്യുന്നുണ്ട്.
അതിനാൽ തന്നെ വരാനിരിക്കുന്ന പുതിയ മന്ത്രിതല തീരുമാനങ്ങൾക്ക് അനുസൃതമായി തങ്ങളുടെ തൊഴിൽ കരാർ, സ്കിൽ സർട്ടിഫിക്കറ്റുകൾ, ട്രെയിനിംഗ് റെക്കോർഡുകൾ എന്നിവ കൃത്യമായി സൂക്ഷിക്കാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ടതുണ്ട്.



Leave a Comment